മണ്ണാർക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്.
ഒന്നാംപ്രതി മേച്ചേരിയിൽ ഹുസൈ (59) ന് ഏഴു വർഷം കഠിനതടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമാണു ശിക്ഷ.
മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൂറുമാറിയ സാക്ഷികൾക്കെതിരേ തുടർനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
രണ്ടു മുതൽ മൂന്നുവരെ പ്രതികളായ കിളയിൽ മരയ്ക്കാർ (41), പൊതുവച്ചോല ഷംസുദ്ദീൻ (41), അഞ്ചു മുതൽ പത്തുവരെ പ്രതികളായ രാധാകൃഷ്ണൻ, പൊതുവച്ചോല അബൂബക്കർ (39), പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), തൊട്ടിയിൽ ഉബൈദ് (33), വിരുത്തിയിൽ നജീബ് (41), മണ്ണംപറ്റ ജൈജുമോൻ (52), പന്ത്രണ്ടു മുതൽ പതിനഞ്ചു വരെ പ്രതികളായ പുത്തൻപുരയ്ക്കൽ സജീവ് (38), മുരിക്കട സതീഷ് (43), ചെരുവിൽ ഹരീഷ് (42), ചെരുവിൽ ബിജു (45) എന്നിവർക്കാണ് ഏഴു വർഷം കഠിന തടവ്.
വിവിധ വകുപ്പുകളിലെ ശിക്ഷ പ്രതികൾ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്കു നൽകണം. പ്രതികളെ തവനൂർ ജയിലിലേക്കു മാറ്റും.
നാലാം പ്രതി കുന്നത്ത് അനീഷ് (38), പതിനൊന്നാം പ്രതി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
സംഭവം നടന്ന് അഞ്ചു വർഷത്തിനുശേഷമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് പ്രകാരം, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ നടത്തിയ നരഹത്യാകുറ്റമാണ് 13 പ്രതികൾക്കെതിരേ തെളിഞ്ഞത്.
പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ തെളിഞ്ഞിരുന്നു.2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.
കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മർദിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചു മരണം സംഭവിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്.