പാലക്കാട്: വിശപ്പിന്റെ വിളി കേൾക്കാത്തവർ ആ ആർത്തനാദം കേട്ടിരിയ്ക്കുകയില്ല. ചുടുഞരക്കങ്ങൾക്കിടയിലും അവൻ പറഞ്ഞതെന്തെന്നു ആരും തെരഞ്ഞിട്ടുണ്ടാവില്ല. മനുഷ്യ മനഃസാക്ഷിയെ അഗാധ ദുഃഖത്തിലേക്കു തള്ളിവിട്ട അട്ടപ്പാടിയിലെ ആൾക്കൂട്ടക്കൊലയ്ക്കു ഇന്നു ഒരു വർഷം തിരയുന്നു. മധുവിന്റെയും അവൻ അനുഭവിച്ച വിശപ്പിന്റെയും കണ്ണീർ ഓർമകൾക്ക് ഇന്ന് ഒരു വയസ്.
2018 ഫെബ്രുവരി 22. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവിനു മർദനമേൽക്കുന്നു. മുക്കാലി കടുകമണ്ണ ഉൗരിലെ മധു (27 വയസ്) വിനെ മർദിച്ചവർതന്നെ പോലീസിനു കൈമാറുന്നു. പോലീസ് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മധുവിന്റെ മരണം സംഭവിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധുവിന്റെ മരണം ലോകമാധ്യമങ്ങളിൽ വരെ വാർത്തയായി.
ആൾക്കൂട്ടത്തിന്റെ മർദനമേറ്റതിനു പുറമെ പോലീസിന്റെയും മർദനമേറ്റതായി ആരോപണം ഇന്നും നിലനില്ക്കുന്നു. സമൂഹത്തിലൊട്ടാകെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും വിസ്മരിക്കപ്പെട്ട ഒന്നുണ്ട്. ആദിവാസിക്ഷേമത്തിനു കോടികൾ ചെലവഴിച്ച അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇതുതന്നെയല്ലേ.. അതെ. അരക്ഷിതാവസ്ഥയിൽ തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം.
ആദിവാസി കൊലചെയ്യപ്പെട്ടാൽ അത് അസ്വാഭാവിക മരണം മാത്രമായി എഴുതിത്തള്ളിയ നൂറുകണക്കിന് കേസുകളാണ് അട്ടപ്പാടിയിലുള്ളത്. 2002ൽ നടത്തിയ ഒരു സർവേയിൽ 106 കൊലപാതകങ്ങൾ ദുരൂഹമരണമായി എഴുതിത്തള്ളുകയോ പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കുകയോ ചെയ്തതായി കണ്ടെത്തിയിരുന്നു. ആൾക്കൂട്ടക്കൊലയ്ക്കു ഇരയായ മധുവിന്റെ റിമാൻഡ് റിപ്പോർട്ട് ഈ ആരോപണം ശക്തിപ്പെടുത്തുന്നതാണ്. മനോദൗർബല്യമുള്ള വ്യക്തിയെന്നു എവിടെയും പരാമർശിച്ചിരുന്നില്ല.
മധു മരിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടും ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം പ്രതിഫലത്തിന്റെ പേരിൽ സർക്കാർ റദ്ദാക്കിയതും മണ്ണാർക്കാട് എസ് സി എസ് ടി കോടതിയിൽ സ്ഥിരം ജഡ്ജിയില്ലാത്തതുമാണ് പ്രധാന തിരിച്ചടിയായത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ മാറ്റിയത്.
ഇതോടെ വിചാരണ വൈകുകയായിരുന്നു. വൻ തുക പ്രതിഫലംനൽകി സർക്കാർ കേസുകളിൽ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുന്പോഴാണ് ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരയായ മധുവിന്റെ കേസിൽ പ്രതിഫലത്തിന്റെ പേരിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നതും ശ്രദ്ധേയം. സംഭവത്തെക്കുറിച്ച് വനംവകുപ്പിന്റെ അന്വേഷണം നാമമാത്രമായതിൽ പരക്കെ ആക്ഷേപവും ഉയർന്നിരുന്നു.