അഗളി : സൈലൻറ് വാലി നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പാലക്കാട് മലപ്പുറം ജില്ലകളിലെ പന്ത്രണ്ട് വില്ലേജുകളെ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
പുറപ്പെടുവിച്ചിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപനം ജനവിരുദ്ധവും കർഷക വിരുദ്ധവും ആണെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ താവളത്ത് ചേർന്ന സർവ്വകക്ഷി സമ്മേളനം വിലയിരുത്തി.
കർഷകനെ അവന്റെ കൃഷിഭൂമിയിൽനിന്ന് തന്ത്രപൂർവ്വം പുറത്താക്കുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കിനെതിരെയും കർഷകർക്കും അവരുടെ മൗലീക അവകാശത്തിനും വേണ്ടി നിലകൊള്ളാൻ യോഗം തീരുമാനിച്ചു.
ജനകീയ പ്രതിഷേധത്തിന്റെ ആദ്യപടിയായി വിജ്ഞാപനത്തിനെതിരേ അഗളി ഗ്രാമപഞ്ചായത്തിൽ സംയുക്ത പ്രമേയം പാസാക്കുവാനും സോണിൽ വരുന്ന കർഷകരെ പങ്കെടുപ്പിച്ച് മന്ത്രാലയത്തിന് ആയിരം ഇ-മെയിൽ അയക്കുവാനും, രേഖാമൂലമുള്ള പരാതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തപാലിൽ നല്കുവാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു.
ഭാവി പ്രതിഷേധ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ചെയർപേഴ്സണായും താവളം ഫൊറോന വികാരി ഫാ.ജോസ് ആലക്കക്കുന്നേൽ ജനറൽ കണ്‍വീനറായും കമ്മറ്റി രൂപികരിച്ചു.
കമ്മറ്റി അംഗങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനത്തിന്റെയും പ്രതിനിധികളായി സി. പി. ബാബു, പി. സി. ബേബി, സി. രവീന്ദ്രദാസ്, നവാസ് പഴേരി, രാമചന്ദ്രൻ, വി. ഡി. ജോസഫ്. ഫാ. ബിജു കുമ്മംകോട്ടിൽ കിഫ, അല്ലൻ, എ.പി. പഴനിസ്വാമി, എം.ടി. സണ്ണി എന്നിവരെ തെരഞ്ഞെടുത്തു.