ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
മണ്ണാർക്കാട് : അട്ടപ്പാടി ബദൽ റോഡ് രാഷ്ട്രീയ തർക്കമായതോടെ ജനങ്ങളിൽ ആശങ്കക്ക് വഴിതെളിക്കുന്നു. കഴിഞ്ഞ ദിവസം കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി പൂഞ്ചോല വഴി അട്ടപ്പാടി ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ ചർച്ച നടത്തിയിരുന്നു.
ഇതോടെ ഇത് തന്റെ ആശയമാണെന്ന അവകാശവാദവുമായി മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീനും രംഗത്തെത്തി. ഇതോടെ ബദൽ റോഡിനായി രാഷ്ട്രീയ വടംവലിയായിട്ടുണ്ട്. ഇതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം.
ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടപ്പാടിയിൽ 192 ആദിവാസി ഉൗരുകളിലായി ആയിരക്കണക്കിന് ആദിവാസി കുടംബങ്ങളും കൂടാതെ കുടിയേറ്റക്കാരുമുണ്ട്.
എന്നാൽ എന്ത് ആവശ്യങ്ങൾക്കും മണ്ണാർക്കാട് വന്ന് പോകേണ്ട അവസ്ഥയാണ് അട്ടപ്പാടിക്കാർക്ക്. നിലവിലെ റോഡിന്റെ അവസ്ഥ കാരണം യാത്ര ദുരിതം പേറി വരുന്നത് ഇവിടെത്തെ ജനങ്ങളെ ഏറെ കഷ്ടത്തിലാക്കുന്നു.
2019 ലും 2020 മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം ചുരം റോഡ് അടച്ചിടേണ്ടി വന്നു.അട്ടപ്പാടിയിലേക്ക് ഒരു ബദൽ റോഡ് എന്ന സ്വപ്നം സാക്ഷാൽത്കകരിക്കാൻ ഇന്നും ഭരണ പ്രതിപക്ഷങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
1988ൽ ഉണ്ടാ അതിശക്തമായ മഴയിൽ ചുരം റോഡിൽ ഉരുൾപ്പൊട്ടി മൂന്നു ദിവസം അട്ടപ്പാടി ഒറ്റപ്പെട്ടു. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 199192 കാലഘട്ടത്ത് സർവ്വെ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളതാണ്.
ഇതു കാണിച്ച് 2017 ഒക്ടോബറിൽ മെഴുകുംപാറ ജനകീയ ആക്ഷൻ കമ്മറ്റിയുടേയും മുക്കാലി ജനകീയ ആക്ഷൻ കമ്മറ്റിയുടേയും ഭാരവാഹികളായ കേശവൻ, വി.എ.മോഹനൻ, കെ.ജെ.ബാബു എന്നിവർ ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിരുന്നു.
ചുരം റോഡിൽ എട്ട് കിലോമീറ്റർ ദൂര കുറവുള്ള പുഞ്ചക്കോട് തെങ്കര മെഴുകും പാറകീരിപ്പാറ വഴി മുക്കാലിയിൽ എത്തിചേരുന്ന പുരാതന കാലത്തെ റോഡ് (കൂപ്പ് റോഡ്) ഇവിടെയുണ്ട്.
ഈ റോഡ് വീതി കൂട്ടിയാൽ വനം നഷ്ടപെടുത്താതെ തന്നെ മുക്കാലിയിൽ എത്തിചേരാൻ കഴിയുമെന്നാണ് നാട്ടുക്കാർ പറയുന്നത്.എന്നാൽ കാത്തിരപ്പുഴ പൂഞ്ചോല വഴി അട്ടാപ്പാടിയിലേക്ക് എത്തിചേരാനുള്ള ബദൽ റോഡ് നിർമ്മിക്കാൻ കോങ്ങാട് എം എൽ എ കെ.ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
അതുപോലെ തന്നെ മണ്ണാർക്കാട് എം എൽ.എ.എൻ.ഷംസുദ്ദീൻ പറയുന്ന ആദ്യ പരിഗണന ചിറക്കൽപ്പടി പൂഞ്ചോല ഓടക്കുന്ന് വഴി അട്ടപ്പടിയിലേക്കുള്ള റോഡ് എന്ന ആശയമാണ് പറയുന്നത്.യു ഡി എഫ് സർക്കാറിന്റെ കാലത്ത് സാധ്യതാ പഠനത്തിനു വേണ്ടി 60 ലക്ഷം രൂപ അനുവദിച്ചിരുന്നതാണ്.
എന്നാൽ വനം വകുപ്പ് വനം വെട്ടി നശിപ്പിച്ച് റോഡ് വെട്ടരുതെന്ന് പറഞ്ഞതിനാൽ ലക്ഷ്യം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ബദൽ റോഡിന്റെ പേരിൽ ഇപ്പോൾ നടത്തുന്ന വിവാദം വികസനത്തിനല്ലെന്നും എംഎൽഎ പറഞ്ഞു.
അട്ടപ്പാടിയിലേക്ക് ബദൽ റോഡ് രാഷ്ട്രീയ പകപോക്കലിൽ നഷ്ടപെടരുതെന്നാണ് അട്ടപ്പാടി നിവാസികൾ പറയുന്നത്.പൂഞ്ചോല വഴിയുള്ള ബദൽ റോഡ് കള്ളമല യിലേക്കാണ് വന്നുചേരുക. ഇത് അട്ടപ്പാടിയുടെ നടുക്കായി വരും.
അതിനാൽ മെഴുകുംപാറ വഴിയുള്ള ബദൽ റോഡ് ആണ് അട്ടപ്പാടിയിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമാവുകയൊള്ളൂവെന്ന് അട്ടപ്പാടിക്കാർ പറയുന്നു.
അതിനാൽ മെഴുകുംപാറ വഴിയുള്ള ബദൽ റോഡ് യാഥാർഥ്യമാക്കാൻ എൻ. ശംസുദ്ധീൻ എംഎൽഎയുടെ ഭാഗത്തുനിന്നും തുടർ ശ്രമങ്ങൾ ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.