പാലക്കാട്: അട്ടപ്പാടിയിൽ കാലവർഷത്തിൽ തകർന്ന റോഡുകൾ ഒരാഴ്ചയ്ക്കകം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് താല്ക്കാലികമായി നന്നാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാലവർഷത്തെ തുടർന്ന് അട്ടപ്പാടിമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജില്ലാ കലക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.
ചുരത്തിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 12 മരങ്ങൾ മുറിച്ചുമാറ്റും. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന പാഴ്മരങ്ങൾ മുറിച്ചു കളയാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. കാലവർഷക്കെടുതിയിൽ തകർന്ന വീടുകൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക അനുവദിക്കും.
കാലാവസ്ഥ അനുകൂലമായി വരുന്നതിനാൽ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. അട്ടപ്പാടി മേഖലയിലെ രണ്ട് ലക്ഷത്തോളം വാഴകളാണ് മഴയിൽ നശിച്ചിരിക്കുന്നത്. മൂവായിരത്തോളം വാഴകൾക്കു മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ.
അതിനാൽ മുഴുവൻ വാഴകൾക്കും കാർഷിക കടാശ്വാസം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് വിവരങ്ങൾ ശേഖരിച്ച് ഉടൻ സമർപ്പിക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. യോഗത്തിൽ സബ്കളക്ടർ ജെറോമിക് ജോർജ്, തഹസിൽദാർ രാധാകൃഷ്ണൻ നായർ, ജില്ലാ പഞ്ചായത്തംഗം സി.രാധാകൃഷ്ണൻ, ഈശ്വരി രേശൻ തുടങ്ങിയവർ പങ്കെടുത്തു