അഗളി: കാലവർഷം വിട്ടകന്ന കിഴക്കനട്ടപ്പാടി വരൾച്ചയിലേക്ക്. ഭവാനിപുഴയും വരഗർ പുഴയും ഇതുവരെ കരകവിഞ്ഞില്ല. സൈലന്റ് വാലിയിൽനിന്നും ഉത്ഭവിക്കുന്ന ഭവാനിപ്പുഴ ഒരു നീർച്ചാൽ മാത്രമായ് അവശേഷിക്കുകയാണ് ഇപ്പോൾ. പ്രദേശത്തെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
ഗ്രാമപഞ്ചായത്തുകൾ വാഹനങ്ങളിൽ എത്തിക്കുന്ന കുടിവെള്ളമാണ് അധികംപേരും ഉപയോഗിക്കുന്നത്. വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനുമായി കിലോമീറ്റററുകളോളം നടക്കേണ്ട സ്ഥിതിയാനുള്ളത്. മണ്‍സൂണ്‍ മഴ ലഭിക്കാത്തതിനാൽ നിരവധി തെങ്ങിന്തോട്ടങ്ങൾ ഉണക്കുഭീഷണിയിലാണ്.
മഴയില്ലാത്തതിനാൽ ചെറുധാന്യ കൃഷിയിറക്കാൻ ഇതുവരെ കർഷകർക്കായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി ഉത്പാദന കേന്ദ്രങ്ങൾ തരിശായി കിടക്കുന്ന കാഴ്ച എവിടെയുമുണ്ട്. വരൾച്ചയും വന്യമൃഗശല്യവും ജനജീവിതം ദുരിതപൂർണമാക്കിയതായി ആദിവാസികളും കുടിയേറ്റ കർഷകരും ചൂണ്ടിക്കാട്ടി.