മണ്ണാർക്കാട്: അട്ടപ്പാടി ചുരം റോഡിന്റെ നവീകരണം വേഗത്തിലാക്കാൻ അവലോകന യോഗം ചേർന്നു. കാലതാമസം പദ്ധതി കിഫ്ബിയിലുൾപ്പെട്ടതുകൊണ്ടെന്ന് എം.എൽ.എ ഷംസുദ്ദീൻ.അട്ടപ്പാടി റോഡിന്റെ പുനർ നവീകരണം ലക്ഷ്യമിട്ടുള്ള അവലോകന യോഗം ചേർന്നു മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിലാണ് യോഗം ചേർന്നത്.
മണ്ണാർക്കാട് മുതൽ ചിന്നത്തടാകം വരെ നീളുന്ന അട്ടപ്പാടി ചുരം ഉൾപ്പെടുന്ന റോഡിന്റെ ശോചനീയാവസ്ഥ യോഗത്തിൽ ചർച്ചാ വിഷയമായി. ടെന്‍ഡർ ഏറ്റെടുക്കാത്തതാണ് നടപടികൾ ദീർഘിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ പറഞ്ഞു.
എന്നാൽ മേജർ വർക്കുകൾ സർക്കാർ പദ്ധതിയായ കിഫ്ബിയിൽ ഉൾപ്പെട്ടതാണ് കാലതാമസമുണ്ടാകുന്നതെന്ന് അധ്യക്ഷത വഹിച്ച എംഎൽഎ എൻ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദമുണ്ടാകണം.
ഇതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാക്കുന്നതിനായി തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്നും എംഎൽഎഅറിയിച്ചു. യോഗത്തിൽ സബ് കളക്ടർ ജെറോമിക് ജോർജ്,അഗളി, ഷോളയൂർ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ശ്രീലക്ഷ്മി, രത്ന, തഹസിൽദാർ നസീർ ഖാൻ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ആഷിഖ് അലി പങ്കെടുത്തു.