എം.വി. വസന്ത്
പാലക്കാട്: അട്ടപ്പാടിയിൽ കണ്ടെത്തിയതു 2400 വർഷമെങ്കിലും പഴക്കമുള്ള നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളെന്നു പ്രാഥമിക നിഗമനം.
പുരാതന സംസ്കാരം എന്നതിനപ്പുറം അക്കാലത്തെ നാഗരിക സംസ്കാരമാണ് ഇതെന്നതു കൂടുതൽ പഠനങ്ങളുടെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു.
ഇത്രയും പഴക്കമേറിയ സംസ്കാരം കേരളത്തിലെവിടെയും ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടില്ല.അട്ടപ്പാടി പോലെ ആദിമ നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളാൽ സന്പന്നമായ മറ്റൊരു പ്രദേശവും കേരളത്തിൽ ആർക്കിയോളജി വകുപ്പിന്റെ പഠനങ്ങളിലും കണ്ടെത്താനായിട്ടുമില്ല.
അതുകൊണ്ടുതന്നെ അട്ടപ്പാടി സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്കു വരുംദിവസങ്ങളിൽ കൂടുതൽ വ്യാപ്തിയുമുണ്ടാകും.
തമിഴ്നാട്ടിലെ ഈറോഡ് കൊടുമണൽ, മധുര ശിവഗംഗയിലെ കീഴാടി സംസ്കാരത്തിന്റെ അതേകാലത്തു അട്ടപ്പാടിയിൽ നാഗരിക സംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ചരിത്രഗവേഷകനായ ഡോ.എ.ഡി. മണികണ്ഠന്റെ പത്തുവർഷത്തിന്റെ ഗവേഷണത്തിന്റെ ഫലമായാണ് അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടന്ന ആദിമ സംസ്കാര ശേഷിപ്പുകൾ കണ്ടെത്തിയത്.
ആർക്കിയോളജിക്കൽ മലബാർ റീജിയണൽ ഘടകം ഇതേ തുടർന്നു കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെത്തിയിരുന്നു.
ഇതിനു പിന്നാലെ കേരള കൗണ്‍സിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് മുൻ ഡയറക്ടറും “പമ’ ചരിത്രഗവേഷണകേന്ദ്രം ഡയറക്ടറുമായ ഡോ. പി.ജെ. ചെറിയാൻ അട്ടപ്പാടിയിലെത്തി.
കഴിഞ്ഞ മൂന്നു ദിവസമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡോ. മണികണ്ഠനൊപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വളരെ വിലപ്പെട്ട വിവരങ്ങളാണ് അട്ടപ്പാടി സമ്മാനിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഭവാനി, ശിരുവാണി, കൊടങ്ങരപ്പള്ളം നദീതടങ്ങളിൽ നാഗരിക സംസ്കാരം നിലനിരുന്നതായി ഡോ. പി.ജെ. ചെറിയാൻ അഭിപ്രായപ്പെട്ടു.
അട്ടപ്പാടിയിൽ നടത്തിയ മൂന്ന് ദിവസത്തെ ഫീൽഡ് സന്ദർശനത്തിൽ കണ്ടെത്തിയ പ്രാചീന കല്ലറകൾ, നന്നങ്ങാടികൾ, നാട്ടുകല്ലുകൾ, ബ്ലാക്ക് ആൻഡ് റെഡ് വെയർ പാത്രങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് നടത്തിയ പ്രാഥമിക പഠനങ്ങളിൽ നിന്നും അട്ടപ്പാടിയിൽ 2400 വർഷം പഴക്കമുള്ള നാഗരികസംസ്കാരം ഉള്ളതായും അനുമാനിക്കാം.
സൗത്ത് ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിൽ നിന്നുമാണ് മികവുറ്റ ബ്ലാക്ക് ആൻഡ് റെഡ് വെയർ ലഭിച്ചിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും മികവുറ്റതും ഗുണമേന്മയുള്ളതുമായ ബ്ലാക്ക് ആൻഡ് റെഡ് വെയർ പാത്രങ്ങൾ കണ്ടെത്തിയിട്ടുള്ളത് അട്ടപ്പാടിയിൽ നിന്നുമാണ്.
ഇതിന് ഏകദേശം 2400 വർഷത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഡോ മണികണ്ഠൻ, മാണി പറന്പേട്ട്, അഗളി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ ടി. സത്യൻ, ഡോ.മുഹമ്മദ് കുട്ടി, പി.കെ. ബിനോയ്, ചരിത്ര വിദ്യാർഥിയായ അലീഷ മേരി, ഗവേഷക വിദ്യാർഥിയായ എം.പി. പ്രവീണ്‍കുമാർ എന്നിവർ മൂന്നു ദിവസത്തെ ഫീൽഡ് സന്ദർശനത്തിൽ പങ്കാളികളായി.