മണ്ണാർക്കാട് : മണ്ണാർക്കാട്-ചിന്നതടാകം അന്തർസംസ്ഥാനപാതയുടെ ബദൽ റോഡ് നിർമാണത്തിനായി വനംവകുപ്പ് കനിയണമെന്ന ആവശ്യം ശക്തമായി. ഇതിനായി യോഗം വിളിക്കാനും തീരുമാനമായി. അട്ടപ്പാടിയെന്ന മലയോര കുടിയേറ്റ മേഖലയിലേക്കുള്ള പ്രധാനഗതാഗതമാർമാണ് അട്ടപ്പാടി ചുരംവഴിയുള്ള റോഡ്.
റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പരാതികൾക്ക് വർഷങ്ങൾ പഴക്കമുണ്ട് .ഇതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി ബദൽ റോഡ് എന്ന ആശയമുണ്ടായത്. ഈ പശ്ചാത്തലത്തിൽ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽനിന്നും ചിറക്കൽപ്പടി-കാഞ്ഞിരം പൂഞ്ചോല കുറുക്കൻകുണ്ട് വഴി ഗൂളിക്കടവിൽ എത്തുന്ന ബദൽ റോഡാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ബദൽ റോഡ് നിയമ കുരുക്കിൽപെട്ട് എങ്ങുമെത്താതെ കിടക്കുകയാണ്.
മൂന്നു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുന്ന മലയോര മേഖലയിലേക്കുള്ള ശാശ്വതമായ ഗതാഗത മാർഗമാണ്. പൂഞ്ചോല വഴിയുള്ള ബദൽ റോഡ് നിർമാണത്തിൽ തെളിയുന്നത്. റോഡ് നിർമാണം വനംവകുപ്പിന്റെ ചുവപ്പുനാടയിൽ കുടുങ്ങികിടക്കുന്നത്. കഴിഞ്ഞദിവസം നിയമസഭയിൽ കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ വിജയദാസ് ബദൽ റോഡ് വിഷയം അവതരിപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ സ്വാഗതാർഹമായ തീരുമാനമാണ് ഈ വിഷയത്തെ സംബന്ധിച്ച് നിയമസഭയിൽ അറിയിച്ചത്.
ചിറക്കൽപ്പടി- പൂഞ്ചോല ഗൂളിക്കടവ് റോഡിന് എത്ര പണം വേണമെങ്കിലും പൊതുമരാമത്ത് വകുപ്പ് നല്കും.
രണ്ടു കിലോമീറ്റർ സ്ഥലം വനംവകുപ്പ് അനുമതിക്കു വേണ്ടിയാണ് തടസപ്പെട്ടിരിക്കുകയാണ്. റോഡുനിർമാണ വിഷയം നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പു മന്ത്രി കെ.രാജു ഇടപെടുകയും ജൂലൈമാസത്തിൽ തന്നെ വനംവകുപ്പ്, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.
യോഗത്തിൽ വനത്തിലൂടെയുള്ള റോഡ് വിഷയം ചർച്ചചെയ്ത് പരിഹരിക്കാമെന്നാണ് വനംമന്ത്രി അറിയിച്ചത്.
നിലവിലെ അട്ടപ്പാടി ചുരംറോഡിൽ മണ്ണിടിച്ചിലും മലയിടിച്ചിലും പതിവ് സംഭവമാണ്. ശക്തമായ മഴ പെയ്താൽ ഏതുനിമിഷവും മലയിടച്ചിലും ഗതാഗത തടസം ഉണ്ടാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ചിറക്കൽ പടിയിൽനിന്നും ഗൂളി്ക്കടവിലേക്കുഉള്ള യാത്രയിൽ 22 കിലോമീറ്ററോളം ദൂരമാണ് പുതിയ പദ്ധതി വരുന്നതോടെ കുറയുന്നത്.
മാത്രമല്ല പൂർണമായും മണ്ണിടിച്ചിൽ ഭീഷണി ഇല്ലാതാകുകയും ചെയ്യും. പൂഞ്ചോലയിൽനിന്നും കുറുക്കൻ കുണ്ടുവരെയുള്ള അഞ്ചുകിലോമീറ്റർ ദൂരത്തിൽ രണ്ടു കിലോമീറ്റർ മാത്രമാണ് മരങ്ങളുള്ളത്. മൂന്നു കിലോമീറ്റർ ദൂരം പുൽപ്പരപ്പാണ്. വനംവകുപ്പിന് കീഴിലുള്ള രണ്ടു കിലോമീറ്റർ സ്ഥലം മാത്രമാണ് ആവശ്യമായി വരുന്നത്.
റോഡ് നിർമാണത്തിനായി അഞ്ചരകിലോമീറ്റർ സ്ഥലം ബദൽ റോഡിന് വിട്ടു നല്കുന്നതിന് പകരമായി വനംവകുപ്പിന് അട്ടപ്പാടിയിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ പക്കലുള്ള സ്ഥലം പകരമായി നല്കുവാനും തദ്ദേശസ്വയംഭരണ വകുപ്പ് തയാറാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള സമ്മതപത്രം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ചിറക്കൽപ്പടിനിന്നും ഗുളിക്കടവിലേക്ക് റോഡ് പ്രാവർത്തികമാകുന്നതോടെ ഇരുപത്തി ഒന്പതുകിലോമീറ്റർ ദൂരം ഉണ്ടാകുകയുള്ളൂ. ഇതിൽ പാറവളവ്, പൂഞ്ചോല ഭാഗങ്ങളിലെല്ലാം മണ്ണ് റോഡ് നിലവിലുണ്ട്. വനംവകുപ്പ് കനിഞ്ഞാൽ മാത്രമേ ആധുനിക റോഡ് പ്രവർത്തിക്കുകയുള്ളൂ.