പാലക്കാട്: ഒരു രാത്രി മുഴുവൻ കാടിനുള്ളിൽ കുടുങ്ങിയ പോലീസുകാരെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി. മാവോയിസ്റ്റുകളെ തെരയുന്നതിനായി കാട്ടിലേക്ക് പോയ പോലീസ് സംഘമാണ് അട്ടപ്പാടി വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങിയത്. ആന്റി നക്സൽ സ്ക്വാഡ് അടക്കം 15 അംഗ പോലീസ് സംഘമാണ് കാടിനകത്ത് കുടുങ്ങിയത്.
അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പുതൂർ എസ്ഐ വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ റെസ്ക്യൂ ടീമാണ് കണ്ടെത്തിയത്.വനത്തിലെ പരിശോധനയ്ക്കുശേഷം മടങ്ങിയപ്പോൾ വഴിതെറ്റിയതാണെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നുവെന്നും കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.
തെരച്ചിൽ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. ഇന്നലെ രാത്രിതന്നെ വനത്തിൽ കുടുങ്ങിയ പോലീസുകാരുമായി ഫോണിൽ ബന്ധപ്പെടാൻ തെരച്ചിൽ സംഘത്തിന് സാധിച്ചിരുന്നു. ഉൾവനത്തിലേക്ക് പോവുന്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിതെന്നും ആശങ്ക വേണ്ടെന്നും പാലക്കാട് ജില്ല പോലീസ് മേധാവിയും ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.
രാത്രി പന്ത്രണ്ടോടെ ഇവരെയെല്ലാം കണ്ടെത്താൻ സാധിച്ചെങ്കിലും തീർത്തും അവശരായിരുന്ന ഇവരെ ഇന്നുരാവിലെ ആറരയോടെയാണ് സുരക്ഷിതമായി കാടിനു പുറത്തെത്തിച്ചത്. ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് 15 അംഗ പോലീസ് സംഘം കാട്ടിലേക്ക് പോയത്.
ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരൻമുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഉൗരായ മുരുഗളയ്ക്കും ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള നിബിഡ വനത്തിലാണ് സംഘം കുടുങ്ങിയത്.ഡിവൈഎസ്പി എസ്. ജയകൃഷ്ണനുപുറമേ, ഏഴ് പോലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.