മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞു വീണു.നേരത്തെ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസാണ് ഇന്നലെ മണ്ണാർക്കാട് എസ്സി \എസ് ടി കോടതിയിൽ കുഴഞ്ഞുവീണത്.
അബ്ബാസ് നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ മണ്ണാർക്കാട് എസ് സി എസ് ടി കോടതി അബ്ബാസിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
ഈ അറിയിപ്പ് കേട്ട ഉടനെ അബ്ബാസ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇയാളെ പരിശോധനയ്ക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
താലൂക്ക് ആശുപത്രിയിൽനിന്ന്, ശാരീരിക പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഇയാളെ ജയിലിലേക്കു കൊണ്ടുപോയി.
മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണു അമ്മ മല്ലിയെ ഇയാൾ ഭീഷണിപ്പെടുത്തിയത്.
പട്ടികജാതി\പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം മുൻകൂർ ജാമ്യത്തിനു വ്യവസ്ഥയില്ലെങ്കിലും കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ സുപ്രീംകോടതിക്ക് ഇതിന് ഇളവ് നൽകാൻ അധികാരം ഉണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് അബ്ബാസ് കോടതിയിൽ എത്തിയത്.
എന്നാൽ അബ്ബാസിന്റെ കാര്യത്തിൽ കേസ് തെളിയിക്കപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നു വിലയിരുത്തി.
നേരത്തെ പാലക്കാട് സെഷൻസ് കോടതി, മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു.
മധുവിന്റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.