പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്തമഴയെ തുടർന്ന് പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്.
വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകി പോവുകയായിരുന്നു.
വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറില്പ്പിടിച്ച് രക്ഷപ്പെട്ടു.
പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉൾവനങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസഹമാകുന്നുണ്ട്.