അഗളി: സർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ അവനവനു വേണ്ടിയാണെന്ന പൂർണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാൻ അട്ടപ്പാടി മേഖലയിലുള്ളവർ സ്വയം തീരുമാനമെടുക്കണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുറുംബ പഞ്ചായത്ത് സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ഉപജീവന സംരംഭമായ കയർ ആന്റ് ക്രാഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ മിഷനിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ഒരുപരിധി വരെ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ദാരിദ്യ്രം കുറഞ്ഞ സംസ്ഥാനം കേരളമാണ്.ദാരിദ്ര്യത്തിന്റെ നിരക്ക് ഒരു ശതമാനത്തിലും താഴെയാണ് 0.71 ശതമാനം.
ഇതും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പരിപാടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.പോഷകാഹാരക്കുറവുമൂലം സമൂഹത്തിൽ ആരും ദുരിതമനുഭവിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ വിവിധ പദ്ധതികൾക്കായി സർക്കാർ കോടികളാണ് ചെലവഴിക്കുന്നത്. എന്നിട്ടും പിന്നാക്കാവസ്ഥ മാറാത്തത് എന്തുകൊണ്ടാണെന്ന് മേഖലയിലെ യുവതി യുവാക്കൾ അടക്കമുള്ളവർ പരിശോധിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.
സമൂഹ അടുക്കള, സിവിൽ സപ്ലൈസ്, എന്നിവയിലൂടെ അട്ടപ്പാടിയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു വരുന്നു. ഗർഭിണികൾക്ക് മൂന്ന് മാസം തികയുന്നതു മുതൽ കുട്ടിക്ക് ഒരു വയസ് ആകുന്നതു വരെ 2000 രൂപ വീതം നൽകുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്കായി ഉച്ചക്കഞ്ഞി പദ്ധതി നടപ്പാക്കുന്നുണ്ട്. എം.ആർ.എസ്, പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകളിൽ പഠിക്കുന്നവർക്ക് ഭക്ഷണ വിതരണവും നടപ്പാക്കുന്നുണ്ട്.
മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം നമുക്കു തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇടപെടൽ ശേഷി ഓരോരുത്തരും വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി മഹിളാ കർഷകർ ഉത്പാദിപ്പിക്കുന്ന ചെറു ധാന്യങ്ങൾ, കാർഷിക, കരകൗശല ഉത്പന്നങ്ങൾ, തടിയേതര വനവിഭവങ്ങൾ എന്നിവ ഹിൽവാല്യു എന്ന ബ്രാന്റിൽ വിപണിയിൽ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നത്.
മുക്കാലിയിൽ നടന്ന പരിപാടിയിൽ പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ അധ്യക്ഷയായി.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, പി.രാമമൂർത്തി, വിവിധ പഞ്ചായത്ത് സമിതി അംഗങ്ങൾ, ഉൗര് മൂപ്പൻ ഹരിദാസ്, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ പി.സെയ്തലവി, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.