ചെറുതോണി: മരിയ മെഡിക്കൽ സ്റ്റോർ ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി തടിയമ്പാട് നെല്ലിക്കുന്നേൽ ജനീഷ് വർഗീസ് (37), രണ്ടാം പ്രതി നെടുങ്കണ്ടം പാമ്പാടുംപാറ ചരുവിള പുത്തൻവീട്ടിൽ രതീഷ് കണ്ണൻ ( 27 ) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ ബന്ധുവും ലൈജുവിന്റെ കടയിലെ ജീവനക്കാരിയുമായ വ്യക്തിയോട് പ്രതി ജനീഷിനുള്ള വൈരാഗ്യവും തുടർന്നുണ്ടായ സംശയവുമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ യുവതി ഇടുക്കി പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു.
ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം കടയുടമ ലൈജുവാണെന്ന സംശയമാണ് സംഭവത്തിനു പിന്നിൽ. കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ലൈജുവിന്റെ കടയിലെ ജീവനക്കാരിക്കെതിരേ മൊഴി നൽകിയിരുന്നു.
ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് പ്രതികൾ ആദ്യം പോലീസിന് മൊഴി നൽകിയത്. അന്വേഷണത്തിൽ ഇതു കളവാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് നടന്ന ചോദ്യംചെയ്യലിൽ സംശയം മൂലമാണ് ആക്രമണം നടത്തിയതെന്നു പ്രതികൾ സമ്മതിച്ചു.
റബ്ബർ ഷീറ്റ് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന വീര്യംകൂടിയ ഫോർമിക് ആസിഡാണ് പ്രതികൾ കൃത്യത്തിന് ഉപയോഗിച്ചത്. പെരുമ്പാവൂരിൽനിന്നാണ് പ്രതികൾ ആസിഡ് വാങ്ങിയത്. ഒന്നാം പ്രതി ജനീഷിനൊപ്പം പാലക്കാട് ജോലി ചെയ്യുന്ന ആളാണ് രണ്ടാംപ്രതി രതീഷ്.
കൃത്യം നടത്തുന്നതിന് മുൻകൂട്ടി തീരുമാനിച്ച് ഇരുവരും ഒന്നിച്ചാണ് ഇടുക്കിയിലെത്തിയത്. സംഭവദിവസം വൈകുന്നേരം കടയുടെ പരിസരത്ത് നിരീക്ഷണം നടത്തി. വീണ്ടും രാത്രി ഒമ്പതിന് ബൈക്കിൽ ടൗണിലെത്തി ലൈജു കടയടച്ച് വീട്ടിൽ പോകുന്നത് കാത്തുനിൽക്കുകയായിരുന്നു.
മെഡിക്കൽ സ്റ്റോർ പൂട്ടി ലൈജു കാറിൽ വീട്ടിലേക്കു പോയശേഷം പ്രതികൾ പിന്തുടർന്നെത്തി കാർ നിർത്തിച്ച് കൈയിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
ജനീഷാണ് ആസിഡ് ഒഴിച്ചത്. രണ്ടാംപ്രതി രതീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഭവത്തിനുശേഷം ചെറുതോണിയിലെത്തിയ പ്രതികൾ തടിയമ്പാട് റൂട്ടിൽ തിരികെ പോയി. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.
രണ്ടാം പ്രതിയുടെ പേരിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസും അടിപിടി കേസും നിലവിലുണ്ട്. ഇവർ സംസ്ഥാനം വിട്ടു പോകാൻ പദ്ധതി ഇടുന്നതിനിടെയാണ് പിടിയിലായത്.
സംഭവ ദിവസം ചെറുതോണിയിൽ പുതുതായി ഒരാൾ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിൽ ജനീഷിന്റെ സുഹൃത്താണെന്ന് മനസിലായി.
സുഹൃത്തിനെപ്പറ്റി ചോദിക്കാൻ ജനീഷിനെ സമീപിച്ചപ്പോൾ ഇയാളുടെ കാലിൽ പൊള്ളലേറ്റ പാട് കണ്ടതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. പ്രതികളെ തെളിവെടുപ്പിനായി വീട്ടിലും ആസിഡ് വാങ്ങിയ കടയിലും കൊണ്ടുപോയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
കൃത്യത്തിനുപയോഗിച്ച പൾസർ ബൈക്കും കണ്ടെടുത്തു. പ്രതികളുടെ പേരിൽ കാപ്പാ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധർ, കഞ്ഞിക്കുഴി സിഐ സാം ജോസ്, കരിമണൽ സിഐ ടി.എസ്. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച 14 അംഗ സ്പെഷൽ ടീമാണ് പ്രതികളെ പിടികൂടിയത്.