ബംഗളൂരു: വാക്കു തർക്കത്തിനിടെ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. വേഗത്തിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചു വീഴാതെ രക്ഷപ്പെട്ടത് യുവാവിന്റെ മനോദൈര്യം കൊണ്ട് മാത്രം. കാറിന്റെ ബോണറ്റിന് മുകളില്‍ കുരുക്കിയിട്ട് പട്ടാപ്പകല്‍ നഗരത്തിലൂടെ ഒരു കിലോമീറ്ററോളം ദൂരം കാറോടിച്ച യുവതിക്കെതിരേ കേസ്.
പ്രിയങ്ക എന്ന യുവതിയാണ് തന്റെ കാറുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന ദര്ശന് എന്ന യുവാവിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കാറിനു മുന്നില്‍ കുരുക്കിയിട്ട് വാഹനമോടിച്ചത്.
ഇത്രയും ദൂരം വീഴാതെ ബോണറ്റിന് മുകളില്‍ പിടിച്ചുനിന്നതിനാലാണ് യുവാവ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ജ്ഞാനഭാരതി നഗറില്‍ വച്ചാണ് പ്രിയങ്ക ഓടിച്ച ടാറ്റാ നെക്സോണ്‍ കാര്‍ ദര്‍ശന്റെ മാരുതി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചത്. ദര്‍ശനും സുഹൃത്തുക്കളുമായി നടന്ന വാക്കുതര്‍ക്കത്തിനിടെ പ്രിയങ്ക പെട്ടെന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
തൊട്ടുമുന്നിലുണ്ടായിരുന്ന ദര്ശന് ബോണറ്റിന് മുകളിലേക്ക് ചാടിക്കയറിയപ്പോള്‍ പ്രിയങ്ക വാഹനത്തിന് വേഗം കൂട്ടുകയായിരുന്നുവെന്ന് പറയുന്നു.
ദര്‍ശന്റെ സുഹൃത്തുക്കള്‍ അവരുടെ കാറില്‍ പിന്തുടര്‍ന്നെത്തിയതോടെയാണ് ഒരു കിലോമീറ്ററോളം അകലെ കാര്‍ നിര്‍ത്തിയത്.
പ്രിയങ്കയ്ക്കെതിരേ സെക്ഷന്‍ 307 പ്രകാരം വധശ്രമത്തിനും ദര്‍ശനും സുഹൃത്തുക്കള്‍ക്കുമെതിരേ സെക്ഷന്‍ 354 പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
പ്രിയങ്കയുടെ കാറിന്റെ ഭാഗങ്ങള്‍ ദര്‍ശനും സുഹൃത്തുക്കളും അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.