നിശാന്ത് ഘോഷ്
കണ്ണൂർ: ജില്ലയിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമന നടപടികൾ വൈകുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളെയായിരുന്നു ഇന്റർവ്യൂവിന് പരിഗണിച്ചിരുന്നത്.
നേരത്തെ ജൂലൈ മാസം നടത്താനിരുന്ന ഇന്റർവ്യു പിന്നീട് ഒക്ടോബറിൽ കണ്ണൂർ ഡിഎംഒ ഓഫീസിൽ വച്ചായിരുന്നു നടത്തിയത്. ഇന്റർവ്യു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
നിയമനം സംബന്ധിച്ച് ഡിഎംഒ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കോവിഡും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമന നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി.
ആതുരസേവന മേഖലയിലുള്ള ജീവനക്കാരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും മറ്റു പലരും ക്വാറന്റൈനിലും പോയ സാഹചര്യത്തിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു.
ആരോഗ്യമേഖലയിലെ അവശ്യ വിഭാഗങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയിൽ കോവിഡ് കാലത്തും തെരഞ്ഞെടുപ്പ് സമയങ്ങളിലും നിയമനങ്ങൾ നടത്തുന്നതിൽ തടസമില്ലായിരുന്നു.
ആരോഗ്യ മേഖലയിൽ അവശ്യ വിഭാഗങ്ങളിൽ നിയമനങ്ങൾ നടത്തണമെന്ന് മന്ത്രി കെ.കെ. ശൈലജയും നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെടാത്തതാണ് ഉദ്യോഗർഥികളെ ആശങ്കയിലാക്കുന്നത്.
ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകുന്നതിന് കാരണം ഇന്റർവ്യൂവിന് പങ്കെടുത്തവരെ തഴഞ്ഞ് പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമാണെന്നും ഉദ്യോഗാർഥികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ലിസ്റ്റ് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിച്ച് നിയമന നടപടികൾ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.