ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇരവിപുരം പള്ളിമുക്ക് മാളികപുരയിടം വീട്ടിൽ അമീർ (22), കൊല്ലം പള്ളിമുക്ക് വടക്കേവിള തേജസ് നഗർ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (20), കൊല്ലം മയ്യനാട് വലിയ വിള സുനാമി ഫ്ലാറ്റിൽ തൻസിം ( 21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ആലംകോട് എസ്.ബി.ഐയ്ക്ക് സമീപം വഴിയാത്രക്കാരനെ ഇടിച്ച് പരിക്കേൽപിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ മോഷണ ബൈക്കിന്റെ നമ്പർ മാറ്റി ഉപയോഗിച്ചിരുന്നതായി പൊലീസിന് മനസ്സിലായി.
തുടർ അന്വേഷണത്തിലാണ് പിടിച്ചു പറി കേസിൽ മുഹമ്മദ് താരിഖിനെ തേവള്ളിയിൽ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് മനസ്സിലായത്. മറ്റു പ്രതികൾക്ക് ഇരവിപുരം സ്റ്റേഷനിൽ ബൈക്ക് മോഷണം പിടിച്ചുപറി, തുടങ്ങിനിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.