തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
മരിക്കുന്നതിന് മുൻപ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് വ്യക്തമല്ല.
എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു.
നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് മരിച്ചത്.
അപകടത്തിനു മുന്പായി സമൂഹമാധ്യമങ്ങളിൽ പ്രകാശ് ദേവരാജൻ പോസ്റ്റിട്ടിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പോലീസും ഫയർഫോഴ്സും ചേർന്നാണ് തകർന്ന കാറിനുള്ളിൽ നിന്നും ഇരുവരേയും പുറത്തെടുത്തത്.