തിരുവനന്തപുരം: ആറ്റിങ്കൽ ഇരട്ടകൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു.
2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് നാല് വയസ് പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു.
മകൾ സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും(57) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാൻ നിനോ മാത്യുവായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
നിനോ മാത്യുവിന് അനുശാന്തി ഫോണിലൂടെ അയച്ച് നൽകിയ വീടിന്റെയും ചിത്രങ്ങളും വഴിയടക്കമുള്ള ഡിജിറ്റൽ തെളിവുകളും കേസിലെ നിർണായക തെളിവുകളായിരുന്നു.
2016 ഏപ്രിലിലാണ് കേസിൽ തിരുവന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചിരുന്നത്.