വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ദേവീ ദേവീസ്തുതികളാൽ മുഖരിതമാണ് ആറ്റുകാൽ ക്ഷേത്രവും പരിസരവും. പാതയോരങ്ങളിലെങ്ങും പൊങ്കാലക്കാർ മാത്രം.
വ്രതം നോറ്റ് അടുപ്പുകൂട്ടി കാത്തിരുന്നവർക്ക് ആനന്ദമേകി ആറ്റുകാൽ ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതിന്റെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നു. ഇതോടെ കാത്തിരുന്ന ഭക്തലക്ഷങ്ങൾ പൊങ്കാല അടുപ്പിലേക്കു തീപകർന്നു.
ഇന്ന് രാവിലെ 10 ന് പുണ്യാഹം തളിച്ചതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. ക്ഷേത്രത്തിനു മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ ഇളങ്കോ അടികളുടെ ചിലപ്പതികാരം മഹാകാവ്യത്തിലെ കണ്ണകീചരിതം കാപ്പുകെട്ടിയ നാൾ മുതൽ പാടിതുടങ്ങിയതാണ്.
രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിന്റെ വധിച്ചശേഷം മധുരാ നഗരം ചുട്ടെരിക്കുന്ന ഭാഗം ഇന്ന് പാട്ടുകാർ പാടി നിർത്തി. ഇതോടെ മേളവും ആരവങ്ങളും നിലച്ച് ക്ഷേത്രാന്തരീക്ഷം നിശബ്ദതയിലമർന്നു.
എല്ലാ കണ്ണുകളും ക്ഷേത്രത്തിലേക്കായി. ക്ഷേത്രത്തിനുള്ളിൽ ചടങ്ങുകൾക്കു തുടക്കമായി.തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി. കേശവൻ നന്പൂതിരിക്കു കൈമാറി.
മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു. തുടർന്ന് അതേ ദീപം സഹമേൽശാന്തിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിച്ചു. ഇതോടെ ദേവീ സ്തുതികളുമായി ക്ഷേത്രാന്തരീക്ഷം ഉണർന്നു.
പണ്ടാര അടുപ്പിൽ തീ പകർന്നതിന്റെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നുപൊങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നത് അറിയിച്ച് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് ഉയർന്നു.
മിനിട്ടുകൾക്കകം ക്ഷേത്രപരിസരത്തേയും നഗരത്തിലേയും ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ തീ തെളിഞ്ഞു. മിനിട്ടുകൾക്കകം ക്ഷേത്രപരിസരവും നഗരവും പൊങ്കാല അടുപ്പിൽ നിന്നുള്ള പുകയിൽ അമർന്നു.
തുടർന്ന് പൊങ്കാല തിളയ്ക്കാനുള്ള കാത്തിരിപ്പായി. പൊങ്കാല തിളച്ചുമറിഞ്ഞതോടെ ഭക്തർ വായ്ക്കുരവയിട്ടു.പൊങ്കാലയ്ക്കൊപ്പം മണ്ടപ്പുറ്റ്, തിരളി എന്നിവയും ഭക്തർ പാകം ചെയ്തു. ഉച്ചയ്ക്ക് 2.30 ന് ക്ഷേത്രത്തിൽ ഉച്ചപൂജ തുടങ്ങും.
തുടർന്ന് സഹപൂജാരിമാരെത്തി കവുങ്ങിൻപൂങ്കുലയിൽ പുണ്യജലം പൊങ്കാല കലങ്ങളിൽ തളിച്ച് നിവേദിക്കും. ഇതോടെ പൊങ്കാലയിട്ട സാഫല്യവുമായി ഭക്തലക്ഷങ്ങളുടെ മടക്കയാത്രക്കു തുടക്കമാകും.
ഇന്നു പുലർച്ചെ മുതൽ താലപ്പൊലി വരവ് തുടങ്ങി. ബാലികമാരെ അണിയിച്ചൊരുക്കി കിരീടം ചൂടി പൂത്താലവുമേന്തി ദേവീ സന്നിധിയിലെത്തി താലത്തിലെ പൂവ് പൊലിച്ച് അവർ മടങ്ങി. ഇന്നു രാത്രിയോളം താലപ്പൊലി വരവ് തുടരും.
പൊങ്കാലയിട്ട് താരങ്ങൾ; പതിവ് തെറ്റിക്കാതെ ചിപ്പി
തിരുവനന്തപുരം: ഇത്തവണയും പതിവ് തെറ്റിക്കാതെ താരങ്ങളിൽ പലരും പൊങ്കാലയിടാൻ എത്തി. നടി ചിപ്പി പതിവുപോലെ ഇത്തവണയും പൊങ്കാലയിട്ടു.
ചലച്ചിത്ര നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ചിത്ര പൊങ്കാലയിട്ടത് സ്വന്തം ഭവനത്തിൽ. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടൊപ്പമാണ് ചിത്ര പൈപ്പിൻ മൂട്ടിലെ വീട്ടിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടത്.
ഷൂട്ടിംഗ് ഒരാഴ്ചയില്ലാത്തതിനാൽ ഷാജി കൈലാസും പൊങ്കാലയിടാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്ത് കൊടുത്തു. ആറ്റുകാലമ്മയ്ക്ക് എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല അർപ്പിക്കാൻ കഴിയുന്നത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുകയാണെന്ന് ചിത്ര വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളെ തിരുവനന്തപുരത്തുകാർ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും ചിത്ര പറഞ്ഞു. എല്ലാപേർക്കും ആറ്റുകാലമ്മയുടെ അനുഗ്രഹം ലഭിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും ചിത്ര വ്യക്തമാക്കി.
ആറ്റുകാൽ ക്ഷേത്ര പരിസരത്താണ് നടി ചിപ്പി പൊങ്കാലയിട്ടത്. എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്.
ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല.
ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്- ചിപ്പി പറഞ്ഞു. നടി സ്വാസികയും സീമാ.ജി.നായരും പൊങ്കാലയിടാൻ എത്തി. സെക്രട്ടേറിയറ്റിനു സമീപമാണ് സ്വാസിക പൊങ്കാലയിട്ടത്.