വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: കുംഭച്ചൂട് വകവയ്ക്കാതെ ലക്ഷക്കണക്കിനു ഭക്തർ ആറ്റുകാൽ ഭഗവതിക്ക്് പൊങ്കാലയർപ്പിച്ചതോടെ തലസ്ഥാന നഗരം ഭക്തിയിൽ അലിഞ്ഞു. ആറ്റുകാൽ ക്ഷേത്രാങ്കണവും പറന്പുകളും റോഡുകളിലുമെല്ലാം പൊങ്കാലക്കലങ്ങൾ നിരന്നു.
പന്തീരടി പൂജയ്ക്കുശേഷം ദർശനത്തിനായി ഭക്തരെ കടത്തിവിടുന്നത് നിർത്തിവച്ചു. രാവിലെ 9.45-ന് പുണ്യാഹം തളിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി. ക്ഷേത്രത്തിന്റെ നേർനടയ്ക്കു മുന്നിലായിട്ടാണ് ഓലകെട്ടിയ പാട്ടുപുര കെട്ടിയിട്ടുള്ളത്.
ഉത്സവത്തിനു തുടക്കം കുറിച്ച് കാപ്പുകെട്ടിയ ദിവസം മുതൽ ഇളങ്കോഅടികൾ രചിച്ച തമിഴ് കാവ്യമായ ചിലപ്പതികാരത്തിലെ കഥ തോറ്റം പാട്ടുകാർ പാടിവരികയായിരുന്നു. ചിലന്പു മോഷ്ടിച്ചെന്ന കുറ്റം ചുമത്തി കോവലനെ പാണ്ഡ്യരാജാവ് വധിച്ചതിനു കണ്ണകി പ്രതികാരം ചെയ്തു.
സ്വർണപ്പണിക്കാരനെ കണ്ണകി വധിച്ച ഭാഗം വരെയാണ് കഴിഞ്ഞദിവസം തോറ്റി നിർത്തിയത്്. ഇന്നു രാവിലെ തോറ്റം പാട്ടിൽ രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റിത്തീർന്നതോടെ പാട്ട് അവസാനിപ്പിച്ചു.
ശ്രീകോവിലിൽ നിന്നു പകർന്നെത്തിച്ച ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറി. അദ്ദേഹം ക്ഷേത്രത്തിലെ നിവേദ്യ പാചകശാലയായ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും തീകത്തിച്ചു.
ഇതോടെ ചെണ്ടമേളവും കതിനാവെടിയും വായ്ക്കുരവയും ഉയർന്നു. ഭക്തർക്ക് പൊങ്കാല അടുപ്പിൽ തീതെളിക്കാമെന്ന അറിയിപ്പ് ലഭിച്ചതോടെ നഗരത്തിലെ ലക്ഷക്കണക്കിനു പൊങ്കാല അടുപ്പുകളിൽ തീ കത്തിച്ചു. പൊങ്കാലക്കൊപ്പം മണ്ടപ്പുറ്റ്, കോട്ടപ്പം എന്നിവയും ഉണ്ടാക്കാനാരംഭിച്ചു.
പൊങ്കാല തിളച്ചുമറിഞ്ഞതോടെ ഭക്തർ വായ്ക്കുരവയിട്ടു. പൊങ്കാലയിട്ടു തീർന്നതോടെ പൊങ്കാലക്കാർ വിശ്രമത്തിനും ഭക്ഷണം കഴിക്കാനുമുള്ള നീക്കമായി. നഗരത്തിൽ എല്ലായിടത്തും സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിനു സംഘടനകളാണ് സൗജന്യ അന്നദാനവും മോരുംവെള്ളവും കുടിവെള്ളവും വിതരണം ചെയ്യുന്നത്.
മണക്കാടുമുതൽ തിരുവല്ലംവരേയും ബൈപ്പാസിൽ ചാക്കവരെയും പാളയം, കേശവദാസപുരം, മണ്ണന്തലവരെയും പൊട്ടക്കുഴി, മെഡിക്കൽ കോളജ്, പോങ്ങുംമൂടുവരെയും പൂജപ്പുര, മരുതംകുഴി, ശാസ്തമംഗലംവരെയും പൊങ്കാല നീണ്ടു.
ഉച്ചക്ക്് 2.10 ഓടെ പൊങ്കാല നിവേദിച്ചു തുടങ്ങും. 250-ൽ പരം പൂജാരിമാർ പുണ്യാഹം തളിച്ച് പൊങ്കാല നിവേദിക്കും. ഇന്നു പുലർച്ചെ മുതൽ താലപ്പൊലിക്കു തുടക്കമായി. ഇത് രാത്രി പുറത്തേക്കെഴുന്നള്ളിപ്പുവരെ തുടരും. ബാലികമാർ പുഷ്പകിരീടം ചൂടി പൂത്താലവുമായെത്തി ഭഗവതിക്കു മുന്നിൽ പൂവ് അർപ്പിക്കുന്ന ചടങ്ങാണ് താലപ്പൊലി.
രാത്രി ഏഴരയോടെ കുത്തിയോട്ട ബാലന്മാർക്ക് ചൂരൽകുത്ത് ആരംഭിക്കും. വെള്ളിനൂൽ അരയ്ക്കു പിന്നിൽ കുത്തിയശേഷം ചൂരലിൽ ബന്ധിക്കുന്ന ചടങ്ങാണ് ചൂരൽകുത്ത്്്. ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച മുതൽ വ്രതാനുഷ്ഠാനത്തോടെ കഴിഞ്ഞിരുന്ന 830 ബാലന്മാരെയാണ് ചൂരൽ കുത്തുന്നത്.
രാത്രി പത്തരയോടെ ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളത്ത് ആരംഭിക്കും. കുത്തിയോട്ട ബാലന്മാർ ഘോഷയാത്രയിൽ അനുയാത്ര ചെയ്യും. പ്രദക്ഷിണം കടന്നുപോകുന്ന വഴിയിലെ വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും തട്ടപൂജ നടത്തും.
രോയിടത്തും പ്രദക്ഷിണം നിർത്തിയശേഷം ഭഗവതിയുടെ തിടന്പിനു മുന്നിൽ തട്ടപൂജ നടത്തും. പുലർച്ചെ മണക്കാട് ദേവീക്ഷേത്രത്തിൽ എഴുന്നള്ളത്ത്് എത്തുന്നതോടെ കുത്തിയോട്ടക്കാരെ മടക്കി അയയ്ക്കും.
പുറത്തേക്കെഴുന്നള്ളത്തിന് തെയ്യം, കാവടിയാട്ടം, പൂക്കാവടി, മയൂരനൃത്തം, പരിചമുട്ട്്് നെയ്യാണ്ടിമേളം, പഞ്ചവാദ്യം തുടങ്ങിയവ മാറ്റുകൂട്ടും. രാവിലെ എട്ടോടെ ഭഗവതിയെ അകത്തേക്കെഴുന്നള്ളിക്കും. നാളെ പതിവു പൂജകൾ നടക്കും.
നാളെ രാത്രി 9.20-ന്- ഉത്സവത്തിനായി കെട്ടിയ കാപ്പഴിക്കും. രാത്രി 12.30-ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.