തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ നടക്കും. കുഭത്തിലെ പൂരവും പൗർണമിയും ഒന്നിക്കുന്ന ദിവസമായ നാളെയാണ് പൊങ്കാല നടക്കുന്നത്.
പതിവുപോലെ ഭക്തജനങ്ങൾക്ക് ക്ഷേത്രാങ്കണങ്ങളിലും തെരുവോരങ്ങളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാലയിടാൻ കോവിഡ് കാരണം അനുമതിയില്ല. ആഗ്രഹിക്കുന്നവർക്ക് വീടുകളിൽ പൊങ്കാലയിടാമെന്നാണ് ക്ഷേത്ര കമ്മിറ്റി നിർദേശിച്ചത്.
തലസ്ഥാനത്തും മറ്റ് ജില്ലകളിലും, ഇതര സംസ്ഥാനങ്ങളിലും ഭക്തർ ആറ്റുകാലമ്മയ്ക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് പുതിയ ഭാവം പകരും.
കോവിഡിന്റെ നിയന്ത്രണമെല്ലാം അയഞ്ഞ കന്യാകുമാരി ജില്ലയിൽ വിവിധ സംഘടനകളും ക്ഷേത്രസമിതികളും സമൂഹ പൊങ്കാലയ്ക്കുള്ള തയാറെടുപ്പും നടത്തുകയാണ്.
നാളെ രാവിലെ 10.50-നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഈ സമയം വിവിധ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊങ്കാല വിളംബരം ഉണ്ടാകും. വീടുകളിലെ അടുപ്പുകളിലും ഈ സമയം പൊങ്കാലയ്ക്ക് തീ പകരും.
ശനിയാഴ്ച രാത്രി ഏഴിന് ചൂരൽകുത്തിനെ തുടർന്ന് പുറത്തെഴുന്നെള്ളിപ്പ് നടക്കും. പാന്പാടി രാജൻ ദേവിയുടെ തിടന്പേറ്റും. മേജർ സെറ്റ് പഞ്ചവാദ്യവും സായുധ പോലീസിന്റെ അകന്പടിയും എഴുന്നള്ളത്തിനുണ്ടാകും. 11ന് മടക്കിയെഴുന്നെള്ളത്ത് നടക്കും.
കോവലനെ ചതിച്ച മധുരയിലെ സ്വർണപ്പണിക്കാരനെ കോപാകുലയായ ദേവി വധിക്കുന്ന കഥയാണ് ഇന്ന് തോറ്റംപാട്ടിൽ പാടുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കുന്ന ക്ഷേത്രനട ശനിയാഴ്ച പുലർച്ച രണ്ടുമണി വരെ ദർശനത്തിനായി തുറന്നിരിക്കും. വിളക്കുകെട്ടുകൾക്ക് ഈ സമയം നിയന്ത്രണത്തോടെ പ്രദക്ഷിണം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.