തിരുവനന്തപുരം: നാളെ ആറ്റുകാൽ പൊങ്കാല. പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയ്ക്ക് എത്തിച്ചേരുന്നവർക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നാളെ രാവിലെ 9.45-ന് ശുദ്ധപുണ്യാഹ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുന്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നന്പൂതിരിക്ക് കൈമാറും.
മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും. അതിനുശേഷം ദീപം സഹമേൽശാന്തിക്കു കൈമാറും. സഹമേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും തീകത്തിക്കും. ഇതോടെ ഭക്തരുടെ പൊങ്കാലക്കലങ്ങളിലും തീപകരും. ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദിക്കും. ഇതിലേക്കായി 55 സഹപൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
ഈസമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45-ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. രാത്രി ഭഗവതിയുടെ തിടന്പുമായി പുറത്തേക്കെഴുന്നള്ളത്ത് ആരംഭിക്കും. പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ്് മടങ്ങിവരുംവരെ കുത്തിയോട്ട ബാലന്മാർ അകന്പടി സേവിക്കും.
പുറത്തേക്കെഴുന്നള്ളിപ്പിന് മുത്തുക്കുടകൾ, ആലവട്ടം, വെഞ്ചാമരം, സായുധ പോലീസ്, ഫ്ളോട്ടുകൾ എന്നിവ അകന്പടി സേവിക്കും. പല്ലശന നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചവാദ്യം ഉണ്ടായിരിക്കും.നാളെ പുലർച്ചെ മുതൽ ബാലികമാരുടെ നേർച്ചയായ താലപ്പൊലി ആരംഭിക്കും. ഓരോ താലപ്പൊലിക്കാരും വെവ്വേറെയാണ് ക്ഷേത്രനടയിലേക്ക് എത്തുന്നത്.രാത്രി ഒന്പതിന് കാപ്പഴിക്കും. രാത്രി 12.30-ന് കുരുതിയോടെ ഉത്സവം സമാപിക്കും
നാളെ അവധി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പൊങ്കാല ദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.