തിരുവനന്തപുരം : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക.
രണ്ടരയ്ക്കാണ് നിവേദ്യം. നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും.
ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു.
ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കും.