ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനമേർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമുള്ള എല്ലാ മദ്യ വില്പനശാലകൾക്കും നിരോധനം ബാധകമാണ്. ഈ മാസം 24ന് വൈകിട്ട് 6 മുതൽ അടുത്ത ദിവസം വൈകിട്ട് 6 വരെയാണ് നിരോധനം.
ഫെബ്രുവരി 25നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഈ മാസം 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും.
ക്ഷേത്ര ട്രസ്റ്റിന്റേയും, വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും എത്തി തുടങ്ങി.