തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല ഞായറാഴ്ച നടക്കും. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ.
പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഞായർ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഈ സമയം ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു.
ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു.