കുമരകം: ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞ കൊച്ചുമിടുക്കിക്കു പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്.
കുമരകം 11-ാം വാർഡിൽ ചാർത്തുശേരി വീട്ടിൽ ഗിരീഷ്- രാധാദേവി ദന്പതികളുടെ മകൾ ഐശ്വര്യ ലക്ഷ്മിയാണ് 98 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്.
പത്താം ക്ലാസിൽ 94 ശതമാനം മാർക്കോടെയാണ് ഐശ്വര്യ ലക്ഷ്മി വിജയിച്ചത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന അച്ഛൻ ഗിരീഷിന്റെ കാൽ പ്രമേഹം ബാധിച്ചു മുറിച്ചു മാറ്റിയതോടെ കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വം അമ്മ രാധാദേവിയുടെ ചുമലിലായി.
10 മാസങ്ങൾക്ക് മുന്പ് ഗിരീഷ് മരണപ്പെടുന്നതു വരെ കുടുംബച്ചെലവുകൾക്കൊപ്പം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ചികിത്സാ ചെലവുകളും നടത്താൻ രാധാദേവി കണ്ടെത്തിയ മാർഗം ബജ്ജിക്കടയായിരുന്നു.
പഠനത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം അമ്മയെ ബജ്ജിക്കടയിൽ സഹായിക്കാനും കൊച്ചുമിടുക്കി സമയം കണ്ടെത്തി.
രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കടയിൽ അമ്മയെ സഹായിക്കാനെത്തുമെങ്കിലും പഠനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു.
ഇപ്പോൾ നീറ്റ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിലാണ് ഐശ്വര്യ. അമ്മയുടെ ചികിത്സയും വീട്ടിലെ ചെലവും കഴിഞ്ഞ് മകളുടെ വിദ്യാഭ്യാസത്തിനുള്ള തുക ചെറിയ വരുമാനത്തിൽനിന്നും കണ്ടെത്താൻ പാടുപെടുകയാണ് രാധാദേവി.