ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരി വിലാസത്തില്‍ താന്‍ താമസിച്ചിരുന്നുവെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. നികുതി വെട്ടിക്കുന്നതിന് പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. പുതുച്ചേരിയില്‍ തനിക്ക് കൃഷി സ്ഥലമുണ്ടെന്നും അവിടെ പോകുന്നതിനാണ് ഓഡി കാര്‍ ഉപയോഗിച്ചിരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ സുരേഷ് ഗോപി ഹാജരാക്കി.
വീണ്ടും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് സുരേഷ് ഗോപിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്.
2010ല്‍ 80 ലക്ഷം രൂപ വില വരുന്ന ഓഡി കാറും രാജ്യസഭാംഗമായതിനു ശേഷം മറ്റൊരു ഓഡി കാറും പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്ക് എതിരായ കേസ്. 2010ലെ വാഹന രജിസ്ട്രേഷന് സുരേഷ് ഗോപി നല്‍കിയത് 2014ലെ വാടക ചീട്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വെട്ടിച്ചതിനും താരത്തിനെതിരെ കേസുണ്ട്.