മദ്യലഹരിയില്‍ പരിസരബോധമില്ലാതെ പലതും കാണിച്ചുകൂട്ടുന്നവരുണ്ട്. എന്നാല്‍ ചെന്നൈയില്‍ ഒരു വ്യവസായ പ്രമുഖന്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയതാണ് വിചിത്രം. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കാന്‍ എത്തിയ വ്യവസായി, തന്റെ ഔഡി കാറാണെന്ന് കരുതി ആംബുലന്‍സ് ഓടിച്ച് വീട്ടിലേക്ക് പോയതാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. സംഭവിച്ചതിങ്ങനെയായിരുന്നു…
മദ്യലഹരിയില്‍ ഔഡി കാറില്‍ വ്യവസായി തന്റെ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിക്കാനായി പുറപ്പെട്ടു. നിസാര പരിക്കിന് മരുന്ന് തേടിയാണ് സുഹൃത്ത് ആശുപത്രിയിലേക്ക് പോയത്. സുഹൃത്തിനെ ആശുപത്രിയില്‍ ഇറക്കിയ ശേഷം വ്യവസായി വീട്ടിലേക്ക് പുറപ്പെട്ടു. പക്ഷേ അവിടെയാണ് അബദ്ധം പിണഞ്ഞത്. തന്റെ ഔഡി കാറിന് പകരം ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിലാണ് ഇയാള്‍ കയറിയത്. ഒട്ടും വൈകിക്കാതെ ഇയാള്‍ ആംബുലന്‍സുമായി വീട്ടിലേക്ക് പോകുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തും വരെ ഇയാള്‍ താന്‍ ഓടിക്കുന്നത് തന്റെ ഔഡി കാറല്ലെന്നും ആംബുലന്‍സാണെന്നും തിരിച്ചറിഞ്ഞില്ലത്രേ.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആംബുലന്‍സ് കാണാനില്ലെന്ന് ആശുപത്രി അധികൃതരും ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. ആംബുലന്‍സിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ കാണാതായ ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തി. ഓടിച്ചിരുന്നത് വ്യവസായിയുടെ ജീവനക്കാരന്‍. ആംബുലന്‍സ് തിരിച്ചെത്തിച്ച ജീവനക്കാരന്‍ തന്റെ മുതലാളിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നതായും പറഞ്ഞു. ഏതായാലും സംഭവം കേസാക്കാതെ പൊലീസും ആശുപത്രി അധികൃതരും സഹകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.