ജോധ്പുർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. സംഭവമറിഞ്ഞപ്പോൾ പെൺകുട്ടിയുടെ സഹോദരൻ ജീവനൊടുക്കി.
പെൺകുട്ടി തന്റെ അമ്മായിക്ക് അയച്ച 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിലൂടെയാണ് പീഡനവിവരം വെളിപ്പെടുത്തുന്നത്. ഈ ശബ്ദ സന്ദേശം കേട്ടതിലൂടെയാണ് പെൺകുട്ടിയുടെ സഹോദരനും സംഭവം അറിയുന്നത്.
ഇതിന്റെ മനോവിഷമത്തിൽ സാഞ്ചോർ മേഖലയിലെ നർമ്മദ കനാലിൽ ചാടി സഹോദരൻ ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഓഡിയോ ക്ലിപ്പ് ശനിയാഴ്ച പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് സംഘം എത്തുന്നതിനു മുമ്പ് പെൺകുട്ടിയുടെ പിതാവ് ഒളിവിൽ പോയി. അയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മൊബൈൽ ഫോൺ വാങ്ങിതരാമെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് ശബ്ദ സന്ദേശത്തിൽ പെൺകുട്ടി വെളിപ്പെടുത്തുന്നത്.
എന്നാൽ സംഭവം എപ്പോഴാണ് നടന്നതെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമല്ല. അന്നേ ദിവസം തന്റെ സഹോദരനെ കൂട്ടിക്കൊണ്ടുപോകാൻ അമ്മ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ സമ്മതിച്ചില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്.
ഉറങ്ങുമ്പോൾ അച്ഛൻ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി അമ്മായിയോട് വെളിപ്പെടുത്തുന്നുണ്ട്. വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്തു പോകാനോ കുടുംബത്തിലെ ആരോടും സംസാരിക്കാനോ അച്ഛൻ അനുവദിച്ചിരുന്നില്ല.
അച്ഛന്റെ പെരുമാറ്റത്തെച്ചൊല്ലി ആക്രോശിച്ചപ്പോൾ അമ്മ തന്നെ ശകാരിച്ചതായും പെൺകുട്ടി അമ്മായിയോട് വെളിപ്പെടുത്തുന്നു.