തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭയില്‍ ആറര കോടി രൂപ ചെലവില്‍ പുതിയ ഓഡിറ്റോറിയം വരുന്നു. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആഗ്രഹ പൂര്‍ത്തീകരണമായിട്ടാണ് നഗരസഭ ഓഫീസ് പരിസരത്ത് ആധുനിക സൗകര്യത്തോടെ ഓഡിറ്റോറിയം സ്ഥാപിക്കുന്നത്. ഇതിന്റെ രൂപരേഖക്ക് നഗരസഭാ കൗണ്‍സില്‍ അന്തിമ രൂപം നല്കി. പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി 57 വര്‍ഷം പഴക്കമുള്ള പഴയ ലൈബ്രറി കെട്ടിടം പൊളിച്ചുനീക്കാനും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഡൈനിംഗ് ഹാളും ചേര്‍ന്നതാണ് ഓഡിറ്റോറിയം. തളിപ്പറമ്പ് പഞ്ചായത്തായിരുന്ന കാലത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും പണിയും. ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് ട്രാക്കുകള്‍ വരക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേക്കും പോകാന്‍ ബസുകള്‍ക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ പ്രത്യേക ട്രാക്കുകള്‍ വരക്കാത്തത് പലപ്പോഴും ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാക്ക് വരക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന തൊഴിലാളികള്‍ നഗരസഭക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ എം.ചന്ദ്രന് ഉന്നയിക്കുകയായിരുന്നു.
അടുത്ത മാസം തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം ഉറപ്പ് നല്കി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ വത്സല പ്രഭാകരന്, പി.മുഹമ്മദ് ഇഖ്ബാല്‍, പി.കെ സുബൈര്‍, ടി.പ്രകാശന്, രജനി രമാനന്ദ്, കെ.വത്സരാജ് എന്നിവര്‍ പ്രസംഗിച്ചു.