കൊണ്ടോട്ടി:കരിപ്പൂരില്‍ വിമാന അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ വൈമാനികന്റെ പാസ്പോര്‍ട്ട് കൈമാറ്റം വിവാദത്തിലേക്ക്.അപകടത്തില്‍ പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് കേന്ദ്രസുരക്ഷാ സേന ഉദ്യോഗസ്ഥന് വൈമാനികന്റെ പാസ്പോര്‍ട്ട് കൈമാറുന്നതാണ് വിവാദമായിരിക്കുന്നത്.
സംഭവ ദിവസം പുറത്തു വന്ന ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി അപകടത്തിന്റെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവം വിവദമായതോടെ കരിപ്പൂര്‍ കേന്ദ്ര സുരക്ഷ സേനയുടെ(സിഐഎസ്എഫ്)ഡെപ്യൂട്ടി കമാണ്ടന്റ് കെ.വി.കിഷോര്‍ രംഗത്തെത്തി. കോക്പിറ്റില്‍ നിന്ന് വൈമാനികരുടെ പാസ്പോര്ട്ടുകള് അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് എത്തിയ സംഘത്തിന് മുഴുവന്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിലവിലെ ആരോപണങ്ങള്‍ തെറ്റാണ്.
അപകട സമയത്ത് കേന്ദ്രസുരക്ഷാ സേന ജീവനക്കാര്‍ യൂണിഫോമിലും അല്ലാതെയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈമാസം ഏഴിന് രാത്രി 7.40നാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടത്.കേന്ദ്രസുരക്ഷാസേന,എയര്‍പോര്‍ട്ട് അഥോറിറ്റി,നാട്ടുകാര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.
എന്നാല്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കാണപ്പെട്ടവരുടെ ചിത്രംമുന്നിര്ത്തിയാണ് തെളിവുകള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നത്.എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ്,കോക്ക്പിറ്റ് വോയ്സ് റിക്കാര്‍ഡ് തുടങ്ങിയവ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐബി)യാണ് കേസ് അന്വേഷിക്കുന്നത്.