തിരുവനന്തപുരം: ഓഗസ്റ്റിൽ അതിവർഷമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ദുരന്ത നിവാരണ അഥോറിറ്റി തയാറാക്കുന്നത്.
ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായി വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.
കോവിഡ്-19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാലുതരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അഥോറിറ്റി കാണുന്നത്.
പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവർക്ക് വേറെ, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഇങ്ങനെ നാലു വിഭാഗങ്ങൾ.
വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുന്പ് നീക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം.
അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല.
സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അഥോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല.