ന്യൂഡൽഹി: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ഡേ എന്ന് തെറ്റായി പരാമർശിച്ച ഡൽഹി പോലീസിനെതിരെ കേസ്. ഡൽഹി പോലീസിന്റെ സൗത്ത് ഡൽഹി യൂണിറ്റാണ് തെറ്റായ പരാമർശം നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഓഗസ്റ്റ് 15 റിപ്പബ്ലിക് ഡേ എന്നാണ് അച്ചടിച്ചിരിക്കുന്നത്.
ഇതിനെതിരെ മഞ്ജീത് സിംഗ് ചംഗ് എന്നയാൾ ഹൈക്കോടതിയെ സമീപിച്ചു. ഇത്തരം ഉത്തരവുകൾ മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ പുറത്തിറക്കാറില്ലെന്നും അതിനാൽ ഗുരുതരപിഴവാണെന്നും മഞ്ജീത് സിംഗ് ഹർജിയിൽ പറയുന്നു.
ഹർജി പരിശോധിച്ച ചീഫ് ജസ്റ്റീസ് ഡി.എൻ. പാട്ടീൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ച് ഹർജി കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിലുണ്ടായത് സാന്ദർഭികമായുള്ള പിഴവു മാത്രമാണെന്നു കരുതാനാവില്ലെന്നു കോടതി നിരീക്ഷിച്ചതായാണ് അറിയുന്നത്.