കരുവാരക്കുണ്ട്: കണ്ണത്ത് മലവാരത്ത് കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വീട് തകർത്തു. വൻ കൃഷി നാശവും വരുത്തി. അര നൂറ്റാണ്ടു മുന്പ് ഇവിടെ താമസമാക്കിയ കുടിയേറ്റ കർഷകൻ കൊങ്ങമല അഗസ്റ്റ്യന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളാണ് ഇദ്ദേഹത്തിന്റെ വീട് പൂർണമായും നശിപ്പിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അഗസ്റ്റ്യനും ഭാര്യയും കാട്ടാനകളുടെ പിടിയിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആനയെ കണ്ടു ഭയന്നു രക്ഷപ്പെടുന്നതിനിടെയുണ്ടായ വീഴ്ചയിൽ അഗസ്റ്റ്യനും ഭാര്യക്കും പരിക്കേറ്റു. വീട്ടുപകരണങ്ങളെല്ലാം കാട്ടാനകൾ തകർത്ത നിലയിലാണ്.
അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 250 കമുകും 40 തെങ്ങുകളും കാട്ടാനകൾ പല ദിവസങ്ങളിലായി നാശം വരുത്തിയതായി അഗസ്റ്റ്യൻ പറഞ്ഞു. സൈലന്റ്വാലി ബഫർ സോണിൽ നിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. 1973 മുതൽ ഇവിടെ താമസം തുടങ്ങിയതാണ് ഈ കുടുംബം.
വന്യ മൃഗശല്യത്തെ തുടർന്നു ഇരുപത്തഞ്ചോളം കർഷക കുടുംബങ്ങൾ ഇതിനിടെ ഈ പ്രദേശത്തു നിന്നു സുരക്ഷിത താവളം തേടി പോയതായും അഗസ്റ്റ്യൻ പറഞ്ഞു.വനാതിർത്തികളിൽ സൗരോർജ വേലി നിർമിച്ച് വന്യമൃഗശല്യത്തിനു പരിഹാരം കണ്ടെത്തണമെന്നാണ് മലയോര കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നത്.