കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ നിലയ്ക്കലിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പോലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന വാർത്ത ബുധനാഴ്ച വൈകിട്ട് മുതൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ. എന്നാൽ ഹെൽമറ്റ് ബൈക്കിൽ നിന്നെടുത്ത പോലീസുകാരനും ചിലത് പറയാനുണ്ട്. ഹെൽമറ്റ് കള്ളനെന്ന് വ്യാപകമായി പ്രതിഷേധക്കാർ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയതോടെയാണ് അഗസ്റ്റിൻ ജോസഫ് എന്ന പോലീസുകാരൻ രംഗത്തുവന്നത്.
നാമജപ പ്രതിഷേധം എന്ന് കരുതിയാണ് പോലീസ് നിലയ്ക്കലിലേക്കും പന്പയിലേക്കും കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെ എത്തിയത്. എന്നാൽ സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. മഴ പെയ്യുന്നതിലും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നു വീണത്. ഞങ്ങളെ കാത്തിരിക്കാൻ വീട്ടിൽ അമ്മയും അച്ഛനും ഉണ്ടെന്ന് എല്ലാവരും ഓർക്കണം. കല്ലേറ് രൂക്ഷമായപ്പോഴാണ് അതിൽ നിന്നും രക്ഷപെടാൻ ഒരു ഹെൽമറ്റ് എടുത്തുവച്ചത്. അല്ലാതെ അത് മോഷ്ടിച്ചതല്ല.
പിന്നെ ഞങ്ങൾക്ക് എതിരേ കല്ലേറ് നടത്തിയത് ഭക്തർ അല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പോലീസുകാരായ നിരവധി പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതൊന്നും ഒരു മാധ്യമങ്ങളും വാർത്ത നൽകിയതായി കണ്ടില്ല. ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് ഹെൽമറ്റ് എടുത്തുവച്ചതെന്നും ഞങ്ങളും മനുഷ്യരാണെന്നും കുടുംബമുണ്ടെന്ന് ഓർക്കണമെന്നും പോലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.