“എന്റെ കുഞ്ഞിനു വേണ്ടിയാണ് ഞാന്‍ മലയാറ്റൂര്‍ മല കയറിയത്. അവള് മാലാഖയായി യേശുവിന്റെ അടുത്തു തന്നെയുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. എന്റെ ശ്രീക്കുട്ടി ഈ കുരിശില്‍ തൊടാന്‍ വരണേയെന്ന് നോമ്പുതുടങ്ങിയപ്പോള് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ്. അവള് ഈ കുരിശില്‍ തൊട്ടു.” 68 കിലോ തൂക്കമുള്ള മരക്കുരിശുമേന്തി മലയാറ്റൂര്‍ മലകയറിയ എറണാകുളം മാമംഗലം പോളയില്‍ വീട്ടില്‍ അഗസ്റ്റിന് വര്‍ഗീസി (സിബി)ന്റെ വാക്കുകളാണിത്. 13-ാം വയസില്‍ നഷ്ടമായ ഏകമകളെ കുറിച്ചുള്ള നോവുന്ന ഓര്മകളുമായിട്ടാണ് ഈ പിതാവ് കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 19നായിരുന്നു ഏക മകള്‍ മേരി ശ്രീക്കുട്ടിയെ ഈ അപ്പന് നഷ്ടമായത്. തിരുവനന്തപുരം സ്വദേശിനിയായ ബീനയെ ഇഷ്ടപ്പെട്ടാണ് അഗസ്റ്റിന് വിവാഹം ചെയ്തത്. മകളുണ്ടായി മൂന്നര വയസായപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെ നഷ്ടമായി. പിന്നെ തന്റെ എല്ലാമായ ശ്രീക്കുട്ടിക്കുവേണ്ടിയായിരുന്നു അഗസ്റ്റിന്റെ ജീവിതം. മേസ്തിരി പ്പണിയില്‍ നിന്നു കിട്ടുന്ന പണം കൊണ്ട് മകളെ വളര്‍ത്തി. ഇടപ്പള്ളി പയസ് സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രീക്കുട്ടിയുടെ മരണം.
ദുഃഖവെള്ളിയാഴ്ച രാവിലെയാണ് ഒരു സുഹൃത്തിനൊപ്പം മാമംഗലം പള്ളിയില്‍ നിന്ന് അഗസ്റ്റിന് മലയാറ്റൂര്‍ക്കു പുറപ്പെട്ടത്. 68 കിലോ തൂക്കമുളള കുരിശുമായി നടന്നു നീങ്ങാന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും ഈ മരക്കുരിശില്‍ തന്റെ ജീവിതം തീരുന്നെങ്കില്‍ തീരട്ടെ എന്ന നിലപാടിലായിരുന്നു അദ്ദേഹം. ആലുവയിലെത്തിയപ്പോള്‍ നടക്കാന്‍ കഴിയാതെ അദ്ദേഹം വീണുപോയി.
തുടര്‍ന്ന് അടിവാരംവരെ മരക്കുരിശ് ഓട്ടോയില്‍ എത്തിച്ചു. അവിടെ നിന്ന് സുഹൃത്തിന്റെ സഹായത്തോടെ മല കയറുകയായിരുന്നു. പലയിടത്തും തളര്‍ന്നുവീണിട്ടും കുരിശിന്റെ ഭാരം താങ്ങാനാവാതെ തോളുകളില്നിന്നു ചോരയൊലിച്ചിട്ടും അദ്ദേഹം മകള്‍ക്കുവേണ്ടി മലയാറ്റൂര്‍ മലയില്‍ ആ കുരിശു സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു.
സീമ മോഹന്‍ലാല്‍