വാഹനമോടിക്കാനറിയാത്ത നവവരന്റെ ടെസ്റ്റ് ഡ്രൈവില്‍ കാറിടിച്ച് പിതൃസഹോദരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
അരുണ്‍കുമാര്‍(24) എന്നയാളാണ് വിവാഹത്തിന് മുമ്പ് വധുവിന്റെ വീട്ടുകാര്‍ സമ്മാനിച്ച കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയത്.
കാറിടിച്ച് പത്ത് വയസുകാരി ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരുണ്‍കുമാറിന് കാറോടിക്കാന്‍ അറിയില്ലെന്നും ഇയാള്‍ ആദ്യമായാണ് ഒരു വാഹനം ഓടിക്കുന്നതെന്നും പോലീസ് പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് അരുണ്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചത്.
സ്ത്രീധനമായി അരുണിന്റെ ബന്ധുക്കള്‍ കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിവാഹത്തിന് മുമ്പുള്ള ‘തിലകം’ എന്ന ചടങ്ങില്‍ വധുവിന്റെ ബന്ധുക്കള്‍ കാറിന്റെ താക്കോല്‍ അരുണിന് കൈമാറി.
തനിക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് പറയാന്‍ മടിച്ച ഇയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അമിതവേഗത്തില്‍ പാഞ്ഞ കാര്‍ സമീപത്ത് നിന്ന ബന്ധുക്കളെ ഇടിച്ചിടുകയായിരുന്നു.
ടയറിനടിയില്‍പ്പെട്ട അരുണിന്റെ അമ്മായി സരള ദേവി(35) തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിച്ചതിനും, ശ്രദ്ധക്കുറവ് മൂലമുള്ള മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.