കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഔറംഗസേബ് എന്ന സൈനികന് വീണ്ടും വാര്‍ത്തയാകുകയാണ്. രാജ്യത്തിനായി പോരാടിയ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയ പാക് തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിച്ചാണ് അദേഹത്തെ കൊലപ്പെടുത്തിയത്. അവസാന ശ്വാസം വരെ രാജ്യത്തിനായി പൊരുതിയ ഔറംഗസേബിന്റെ സുഹൃത്തുക്കളാണ് ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്.
തങ്ങളുടെ കൂട്ടുകാരനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ അദേഹത്തിന്റെ 50ഓളം കൂട്ടുകാര്‍ ഗള്‍ഫിലെ ജോലി രാജിവച്ച് കാശ്മീരില്‍ തിരിച്ചെത്തി. സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്. പോലീസിലും സൈന്യത്തിലും ജോലി നേടി തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെ വീട്ടില്‍ അവരെത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. ജൂണ്‍ 14ന് ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന് സൈനികനായിരുന്നു ഔറംഗസേബ്.
സുഹൃത്തിന്റെ നല്ല ഓര്‍മകള്‍ പങ്കു വക്കാന്‍ ഔറംഗസേബിന്റെ മേന്ഥറിലെ വീട്ടില്‍ അവരിപ്പോഴും ഒത്തു കൂടാറുണ്ട്. അവരുടെ മനസില്‍ ഇന്ന് ഒരു ലക്ഷ്യം മാത്രമാണുള്ളത്. സൗദിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഔറംഗസേബ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്.
സൗദിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോരുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഒരു വിധത്തില്‍ അത് സാധിച്ചെടുത്തു. ഈ ഗ്രാമത്തില്‍ നിന്നുള്ള 50 ചെറുപ്പക്കാരാണ് എന്നോടൊപ്പം വന്നത്. ഔറംഗസേബിന്റെ മരണത്തിന് ഭീകരരോട് പകരം വീട്ടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഔറംഗസേബിന്റെ സുഹൃത്തായ മുഹമ്മദ് കിരാമത്ത് പറയുന്നു.