ന്യൂഡൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ബിജെപിയും പ്രതിപക്ഷവും തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനു കാരണമായ വിഷയത്തെ തള്ളിക്കളഞ്ഞാണു ജോഷിയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ ഖുൽദാബാദിലാണ് ഔറംഗസേബ് മരിച്ചത്. അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെയാണ് നിർമിച്ചത്. അഫ്സൽ ഖാന്റെ ശവകുടീരം നിർമിച്ചുകൊണ്ട് ഛത്രപതി ശിവജി സൃഷ്ടിച്ച മാതൃക ഇന്ത്യയുടെ ഉദാരതയും മനോഭാവവും എടുത്തുകാണിക്കുന്നു. ശവകുടീരം നിലനിൽക്കും, അതു കാണാൻ ആഗ്രഹിക്കുന്ന ആർക്കും സന്ദർശിക്കാമെന്നും ജോഷി കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി നേതാവ് അബു ആസ്മി മുഗൾ ഭരണാധികാരിയെ പ്രശംസിച്ചതിനെത്തുടർന്ന്, ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം ആഴ്ചകളോളം വാർത്തകളിൽ നിറഞ്ഞുനിന്നു. ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പോലും പിന്തുണച്ചു. വിഷയം നാഗ്പുരിൽ വലിയ അക്രമത്തിനു കാരണമാവുകയും ചെയ്തു. അക്രമസംഭവങ്ങളിൽ 14 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 40ഓളം പേർക്കു പരിക്കേറ്റു. സംഭവത്തിൽ നിരവധിപ്പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.