ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വി മറികടക്കാന്‍ ഓസ്ട്രേലിയ ഇന്ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ഫോമിലേക്ക് തിരിച്ചെത്തിയ പാക് പടയെ തളയ്ക്കാൻ കംഗാരുക്കൾ വിയർപ്പൊഴുക്കേണ്ടി വരും. എങ്ങനെ കളിക്കുമെന്ന് പറയാന്‍ പോലും പറ്റാത്ത ടീമാണ് പാക്കിസ്ഥാൻ.
ഏത് ടീമിനോടും തോല്‍ക്കുകയും ഏത് വമ്പന്മാരെയും വീഴ്ത്തുകയും ചെയ്യുന്നതാണ് അവരുടെ ടീമിന്റെ ശൈലി. അതുകൊണ്ട് ശരിക്കും ആധിപത്യം നേടിയാല്‍ മാത്രമേ കംഗാരുക്കള്‍ക്ക് മുന്നേറാനാവൂ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ലണ്ടനിലാണ് മത്സരം.
പാക്കിസ്ഥാനെതിരെ ഓസീസിന് മുന്‍തൂക്കമുണ്ട്. എന്നാൽ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമാണ്. അഫ്ഗാനിസ്ഥാനെയും വെസ്റ്റ് ഇൻഡീസിനേയും തോൽപ്പിച്ച് മുന്നേറിയ കംഗാരുക്കൾക്ക് മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ മുന്നിൽ കാലിടറി.
പാക്കിസ്ഥാനാകട്ടെ ആദ്യമത്സരത്തിൽ വിൻഡീസിനോട് കനത്ത തോൽവി വഴങ്ങി. എന്നാൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി മത്സരത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവരുടെ ദൗര്‍ബല്യമായ ബാറ്റിംഗ് നിര ഫോം കണ്ടെത്തി കഴിഞ്ഞു. അതേസമയം ഓസ്ട്രേലിയന്‍ നിരയില്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അപാര ഫോമും ഓസീസിനെ ഫേവറിറ്റുകളാക്കുന്നു. ബൗളിംഗ് നിരയും തകര്‍പ്പന്‍ ഫോമിലാണ്.
ഇന്ത്യയോടേറ്റ തോല്‍വി മാത്രമാണ് ഓസീസിന് സഡന്‍ ബ്രേക്കിട്ടത്.
പാക് നിരയിൽ മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, എന്നിവര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. മധ്യനിരയില്‍ ഷോയിബ് മാലിക്കും ഭേദപ്പെട്ട ഫോമിലാണ്. നിര്‍ണായക പോരാട്ടത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഓസ്ട്രേലിയന്‍ നിരയില്‍ ഉണ്ടാവില്ല. പരിക്ക് കാരണം അദ്ദേഹം കളിക്കില്ലെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്. മിച്ചല്‍ മാര്‍ഷാണ് പകരക്കാരന്.
ലോകകപ്പില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒന്‍പതു തവണ നേര്‍ക്കുനേര്‍ വന്നപ്പോൾ അഞ്ച് തവണ ഓസീസും നാല് തവണ പാക്കിസ്ഥാനുമാണ് വിജയിച്ചത്. സമീപകാലത്ത് പാക്കിസ്ഥാനെതിരെ മികച്ച പ്രകടനമാണ് ഓസീസ് നടത്തിയത്.