മലയോര ക്രൈസ്തവ കുടുംബങ്ങളുടെ ആത്മാവറിഞ്ഞൊരു സിനിമ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ “ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തെ ചുരുക്കത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ഇടുക്കി പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായ ഔസേപ്പിന്റേയും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടേയും ഒരു ഒസ്യത്തിന്റെയും സംഭവബഹുലമായ കഥയാണു സിനിമയ്ക്ക് ആധാരം.
ഒരേസമയം ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ത്രില്ലറായുമാണു ചിത്രത്തിന്റെ സഞ്ചാരം. കുടുംബകഥകൾ സ്ക്രീനിലെത്തുമ്പോഴുള്ള ക്ലീഷേകൾ ഒഴിവാക്കിയാണു നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആർ.ജെ ചിത്രം ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്നു നോക്കുന്നവർക്ക് ശാന്തമായി ഒഴുകുന്നൊരു പുഴപോലെ തോന്നുമെങ്കിലും ഓരോ കുടുംബങ്ങളിലും എരിയുന്ന അഗ്നിപർവതം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും വൻ പ്രഹരശേഷിയോടെ അത് എല്ലാം ചാമ്പലാക്കാമെന്നും ചിത്രം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.
ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് പ്രിയ നടൻ വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകനായി ഹേമന്ത് മേനോനും വേഷമിടുന്നു. ഈ അച്ഛൻ-മക്കൾ കോംബോയുടെ തകർപ്പൻ അഭിനയ മുഹൂർത്തങ്ങള്തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ആട്ടം, രേഖാചിത്രം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ സെറിൻ ഷിഹാബാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിലുണ്ട്.
വ്യത്യസ്തമായ എഴുത്തിൽ പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന തിരക്കഥ നവാഗതനായ ഫസൽ ഹസന്റേതാണ്. ബി. അജിത് കുമാറിന്റെ കൈകളിൽ എഡിറ്റിംഗ് ഭദ്രം. ഇടുക്കിയിലെ ഏലക്കാടുകളുടെ വന്യതയും ഹൈറേഞ്ചിന്റെ നിഗൂഢമായ കാഴ്ചകളും അരവിന്ദ് കണ്ണാബിരന്റെ കമറയിലൂടെ പകർത്തിയിരിക്കുന്നു. കുട്ടിക്കാനം, ഏലപ്പാറ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.
മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രത്തിന്റെ നിർമാണം. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അബ്രഹാം ചെറിയാൻ, എക്സി. പ്രൊഡ്യൂസേഴ്സ്: സുശീൽ തോമസ്, സ്ലീബ വർഗീസ്, സംഗീതം: സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം: അക്ഷയ് മേനോൻ, ഗായകൻ: ജിതിൻ രാജ്, സൗണ്ട് ഡിസൈൻ: വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ: കെജെ വിനയൻ, ആർട്ട്: അർക്കൻ എസ് കർമ്മ, മേക്കപ്പ്: നരസിംഹ സ്വാമി, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി: സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ: ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ്: രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ്: അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.