സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആയുര്‍വേദ സുഖ ചികിത്സാകേന്ദ്രമാക്കാന്‍ ഉറച്ചനീക്കവുമായി സര്‍ക്കാര്‍. ഔഷധിയാണ് ഇതിന് താല്പര്യവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ആശ്രമം സന്ദര്‍ശിക്കുകയും ചികിത്സാ കേന്ദ്രം തുടങ്ങാന്‍ അനുകൂലമായ സ്ഥലമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു.
ആയുര്‍വേദ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയ്ക്ക് തിരുവനന്തപുരം ഉള്‍പ്പടെ നാല് ജില്ലകളില്‍ വെല്‍നസ് സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം തുടങ്ങാന്‍ പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേന്ദ്രം സന്ദീപാനന്ദ ഗിരിയുടെ ആശ്രമിത്തില്‍ തുടങ്ങാനാണ് പദ്ധതി.
തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആശ്രമത്തിലാണ് പുതിയ പദ്ധതി. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രം അന്തിമതീരുമാനമെന്ന് ഔഷധി ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് അറിയിച്ചു.
73 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ആശ്രമത്തിലുള്ളത്. വില കൊടുത്ത് വാങ്ങുന്നതും ദീര്‍ഘകാലത്തേക്ക് വാടകയ്ക്കെടുക്കുന്നതുമാണ് പരിഗണനയില്‍.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിക്കുന്നത്. ഇതുവരെ പ്രതിയെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ശബരിമല വിവാദസമയത്ത് സര്‍ക്കാരിനെയും എല്‍ഡിഫിനെയും പിന്തുണച്ചവരുടെ കൂട്ടത്തില്‍ മുന്‍നിരയിലായിരുന്നു സന്ദീപാനന്ദ ഗിരി.
മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന് അടുത്ത സൗഹൃദമാണുള്ളത്. തിരഞ്ഞെടുപ്പ് സമയത്തും എല്‍ഡിഎഫ് ക്യാമ്പെയ്നുമായി ഇദ്ദേഹം സജീവമായിരുന്നു.