കാട്ടുതീ കരിച്ചു ചാന്പലാക്കിയ ഓസ്ട്രേലിയയിലെ കാടുകളിൽ ഇപ്പോൾ മധുരക്കിഴങ്ങുകളും കാരറ്റും പെയ്യുകയാണ്. ആയിരക്കണക്കിനു കിലോഗ്രാം പച്ചക്കറികളാണ് ഇത്തരത്തിൽ ആകാശത്തുനിന്നു പെയ്തിറങ്ങുന്നത്.
കാട്ടുതീ കനത്ത നാശനഷ്ടം വിതച്ച ഓസ്ട്രേലിയയിലെ ദുരിതമേഖലകളിലെ ജീവികൾക്കു ഭക്ഷണം നൽകുന്നതിനുള്ള ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായാണ് ഇത്തരത്തിൽ കിഴങ്ങുകളും കാരറ്റും ആകാശത്തുനിന്ന് ഇട്ടുനൽകുന്നത്. ഓപ്പറേഷൻ റോക്ക് വാലബി എന്നാണ് ഭരണകൂടം ഇതിനു പേരു നൽകിയിരിക്കുന്നത്.
ഹെലികോപ്റ്ററിലാണു ന്യൂ സൗത്ത് വേൽസ് അധികൃതർ പച്ചക്കറികൾ വിതരണം ചെയ്തത്. കാട്ടുതീയിൽനിന്നു രക്ഷപെട്ട മൃഗങ്ങൾക്കു ഭക്ഷണമില്ലാത്ത സാഹചര്യത്തിലാണു സർക്കാരിന്റെ ഇടപെടൽ. വിതറിയ ഭക്ഷണം മൃഗങ്ങൾ കഴിക്കുന്നുണ്ടോ എന്നറിയാൻ കാമറകൾ സ്ഥാപിക്കുമെന്നും പരിസ്ഥിതി മന്ത്രി മാറ്റ് കീൻ പറഞ്ഞു.