മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡിന് സമ്പൂര്‍ണ തോല്‍വി. മൂന്നാം ഏകദിനത്തില്‍ കിവീസ് 117 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണറുടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 36.1 ഓവറില്‍ 147 റണ്‍സിന് ഓള് ഔട്ടായി.
156 റണ്‍സ് നേടിയ വാര്‍ണര്‍ ഓസീസിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് മികച്ച സ്കോറില്‍ എത്തിച്ചത്. 128 പന്ത് നേരിട്ട ഇടംകൈയന്‍ ഓപ്പണര്‍ 13 ഫോറും നാല് സിക്സും പറത്തി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ വാര്‍ണര്‍ റൗണ്ഔട്ടായാണ് പുറത്തായത്. ഏകദിനത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ വാര്‍ണര്‍ നേടിയ ഏഴാം സെഞ്ചുറിയാണ് മെല്‍ബണില്‍ പിറന്നത്. 1998–ല്‍ ഒന്‍പത് സെഞ്ചുറി നേടിയ സച്ചിന് തെന്‍ഡുല്‍ക്കറുടെ പേരിലാണ് റിക്കാര്‍ഡ്. പരമ്പരയില്‍ രണ്ടു സെഞ്ചുറി നേടിയ വാര്‍ണര്‍ കളിയിലെയും പരമ്പരയിലെയും താരമായി.
ആശ്വാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ടോ ലാതം–മാര്ട്ടിന് ഗുപ്റ്റില്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കുറിച്ചെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞു. 34 റണ്‍സ് നേടിയ ഗുപ്റ്റിലാണ് കിവീസ് നിരയില്‍ ടോപ്പ് സ്കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജയിംസ് ഫോക്നര്‍, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.