മെൽബൺ: രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര അതിർത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ. നൂറുകണക്കിന് വിദേശികളുമായി ഇന്നു മുതൽ സിഡ്നി വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിത്തുടങ്ങി. ഏറെ നാളുകൾക്ക് ശേഷം കാണുന്ന പ്രിയപ്പെട്ടവരെ പലരും ആലിംഗനം ചെയ്താണ് സ്വീകരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത്.ഇന്നു മുതൽ ടൂറിസ്റ്റ് വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
ഓസ്ട്രേലിയയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കുൾപ്പടെ കഴിഞ്ഞ വർഷം അവസാനം മുതൽ മടങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ മിക്ക വിദേശികൾക്കും കാത്തിരിക്കേണ്ടി വന്നിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ നിരവധി വിദേശികളാണ് ഓസ്ട്രേലിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ സ്വന്തം ചെലവിൽ 14 ദിവസം വരെ ഹോട്ടലിൽ അത് ചെയ്യണം.