ന്യൂഡൽഹി: സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ഡൽഹിയിൽനിന്നുള്ള വിദ്യാർഥിനി നിതിഷ(15)യാണു മരിച്ചത്.
പസഫിക് സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യൻ സംഘത്തോടൊപ്പമാണ് നിതിഷ അഡ്ലെയ്ഡിലെത്തിയത്. ഇന്ത്യയിൽനിന്നുള്ള ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നു നിതിഷ.
ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെൽഗ് ഹോൾഡ്ഫാസ്റ്റ് മറീന ബീച്ചിൽ നാലു സുഹൃത്തുക്കൾക്കൊപ്പം നിതിഷ സെൽഫി പകർത്തവെ, ഇവർ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നെന്ന് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു.
നാലു കുട്ടികളെ തിരയിൽനിന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞു. നിതീഷയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ഓസ്ട്രേലിയൻ സർക്കാരും സ്കൂൾ സ്പോർട്സ് ഓസ്ട്രേലിയയും സംയുക്തമായാണു ദി പസഫിക് സ്കൂൾ ഗെയിംസ് സംഘടിപ്പിക്കുന്നത്.