ധർമശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. പരന്പരയിലെ നിർണായകമായ അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. കെ.എൽ.രാഹുലിന്റെ അർധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രാഹുൽ 51 റൺസോടെയും രഹാനെ 38 റൺസോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വർ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പരമ്പരയിലെ ആറാം അർധ സെഞ്ചുറിയിലൂടെ ഓപ്പണർ രാഹുൽ അവസാന ടെസ്റ്റിലും മികവ് തുടർന്നു. 46/2 എന്ന നിലയിൽ പതറിയ ഇന്ത്യയെ രഹാനെയുടെ ഇന്നിംഗ്സാണ് വേഗത്തിൽ വിജയത്തിലെത്തിച്ചത്. 27 പന്തിൽ നാല് ഫോറും രണ്ടു സിക്സും പറത്തിയാണ് രഹാനെ 38 റൺസ് നേടിയത്.