ലക്നോ: കണ്ടവർ കണ്ടവർ ചോദിച്ചത് ഒന്നുമാത്രം, 2023 ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുന്ന കങ്കാരു ഏത് കങ്കാരുവാണ്? ചോദ്യത്തിന് കാരണം ഒന്നുമാത്രം, അഞ്ചു തവണ ഏകദിന ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയ 2023 ഐസിസി ലോകകപ്പിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു.
ഇന്ത്യയോട് ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. രണ്ടു മത്സരത്തിലും (199, 177) ഓസ്ട്രേലിയയുടെ സ്കോർബോർഡ് 200 കണ്ടില്ലെന്നതും ശ്രദ്ധേയം.
നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ് ഓസ്ട്രേലിയ. ലക്നോവിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. രണ്ട് ടീമും കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ട് ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
ടെസ്റ്റ് ടീമോ?
ഓസീസ് ടീമിന്റെ ബാറ്റിംഗിന് ഏകദിന ലോകകപ്പ് പോലൊരു പോരാട്ടവേദിയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലെന്നതാണ് പ്രധാന വിമർശനം. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ ഇവരെല്ലാം ക്വാളിറ്റി ബാറ്റർമാരാണെന്നതിൽ തർക്കമില്ല.
എന്നാൽ, ടെസ്റ്റ് വേദിയല്ലിതെന്നതാണ് പ്രശ്നം. മാത്രമല്ല, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർകസ് സ്റ്റോയിൻസ് എന്നിവർക്കൊന്നും ആവശ്യ സമയത്ത് ശോഭിക്കാൻ സാധിച്ചുമില്ല. 10 ടീം മത്സരിക്കുന്ന വേദിയിൽ -1.846 റണ്‍റേറ്റുമായി ഒന്‍പതാം സ്ഥാനത്താണ് ഓസ്ട്രേലിയ.
അവസാനം കളിച്ച എട്ട് ഏകദിനത്തിൽ ഏഴിലും ഓസ്ട്രേലിയ പരാജയപ്പെട്ടു എന്നതും ശ്രദ്ധേയം. ബാറ്റിംഗിൽ മാത്രമല്ല, ഫീൽഡിലും ഓസ്ട്രേലിയ ഈ ലോകകപ്പിൽ ദയനീയമാണ്.
രണ്ട് മത്സരത്തിൽനിന്ന് ആറ് ക്യാച്ച് ഓസീസ് വിട്ടുകളഞ്ഞു. ഈ ലോകകപ്പിൽ ഇത്രയും ക്യാച്ച് നഷ്ടപ്പെടുത്തിയ മറ്റൊരു ടീമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ച് ക്യാച്ചാണ് ഓസീസ് ഫീൽഡർമാർ നിലത്തിട്ടത്.
ലങ്കൻ പ്രശ്നം
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 102 റണ്‍സിനും പാക്കിസ്ഥാനെതിരേ ആറ് വിക്കറ്റിനും പരാജയപ്പെട്ടാണ് ശ്രീലങ്കയുടെ വരവ്. രണ്ട് മത്സരത്തിലും (326, 344) ലങ്ക 300 റണ്‍സിൽ അധികം സ്കോർ ചെയ്തു. എന്നിട്ടും ജയിക്കാൻ ലങ്കയ്ക്കു സാധിച്ചില്ല.
അത്രയ്ക്ക് ദയനീയമാണ് അവരുടെ ബൗളിംഗ്. 7.86 ശരാശരിയിലാണ് ശ്രീലങ്കൻ ബൗളർമാർ ഈ ലോകകപ്പിൽ റണ്‍സ് വഴങ്ങുന്നത്. കുശാൽ മെൻഡിസിന്റെ ബാറ്റിംഗ് ഫോമുകൊണ്ട് (76, 122) ശ്രീലങ്ക കരകയറില്ലെന്ന് ചുരുക്കം.