നോട്ടിംഗ്ഹാം: ജയിക്കാൻ എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും അവസരം കളഞ്ഞുകുളിച്ച് വിൻഡീസ്. 15 റൺസിന് വിൻഡീസിനെ ഓസീസ് മുട്ടുകുത്തിച്ചു. സ്കോർ: ഓസ്ട്രേലിയ 49 ഓവറിൽ 288 റൺസിന് ഓൾഔട്ട്, വിൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ്. ഓസീസ് ഉയർത്തിയ 289 റൺസെന്ന വിജയലക്ഷ്യം വിൻഡീസിന് മറികടക്കാനാകുന്നതേ ഉണ്ടായിരുന്നുള്ളു.
എന്നാൽ, ഇടവേളകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് വിൻഡീസിന് വിനയായി. 68 റൺസെടുത്ത ഷായ് ഹോപ്പ്, 51 റൺസെടുത്ത ജെയ്സൺ ഹോൾഡർ, 40 റൺസെടുത്ത നിക്കോളാസ് പൂരൻ എന്നിവരാണ് വിൻഡീസ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
21 വീതം റൺസെടുത്ത ക്രിസ് ഗെയിലും ഷിമോൺ ഹെറ്റ്മെയറുമാണ് ഹോപ്പിനും ഹോൾഡറിനും പൂരനും കുറച്ചെങ്കിലും പിന്തുണ നൽകിയത്. അഞ്ചു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് വിൻഡീസിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് രണ്ടും ആദം സാംപ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ, എട്ടാമനായിറങ്ങി വിൻഡീസ് ബൗളർമാരുടെ വീര്യത്തെ അടിച്ചൊതുക്കിയ നാഥൻ കോൾട്ടർനൈലിന്റെയും, “നൈൽ’ കുലംകൊത്തിയൊഴുകുമ്പോൾ ഒരറ്റത്ത് ന ങ്കൂരമിട്ട അലക്സ് കാറെയും മുൻനിരയിൽ താളം കണ്ടെത്തിയ ഏക ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിന്റെയും പ്രകടന മികവിലാണ് 49 ഓവറിൽ ഓസീസ് 288 റൺസ് അടിച്ചെടുത്തത്.
ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 79/5 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസീസിനെ വമ്പൻ തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തിയത്. 41 റണ്‍സ് നേടി കൂട്ടുകെട്ട് മുന്നോട്ട് പോകവെ സ്റ്റോയിനിസ് വീണു. 19 റണ്‍സാണ് താരം നേടിയത്. ആറാം വിക്കറ്റില്‍ സ്മിത്ത്- കാറെ കൂട്ടുകെട്ട് 67 റൺസെടുത്ത് മഞ്ഞപ്പടയെ മുന്നോട്ട് നയിച്ചു.
45 റൺസെടുത്ത കാറെ പുറത്തായതിനു പിന്നാലെയാണ് കോൾട്ടർ നൈൽ എത്തിയത്. അവിടുന്നങ്ങോട്ട് അടിയുടെ പൊടിപൂരമായിരുന്നു. 102 റണ്‍സാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ഒടുവിൽ 60 പന്തിൽ 92 റൺസ് നേടിയ നൈൽ 49ാം ഓവറിൽ പുറത്താകുമ്പോൾ ഓസീസ് സ്കോർ 284ൽ എത്തിയിരുന്നു.